പെരുവയലിൽ ഗ്രാമീണ സൗഹൃദങ്ങളുടെ ഊഷ്മളത വീണ്ടെടുത്ത് നാട്ടുകൂട്ടം കുറിക്കല്യാണം പുനരാരംഭിച്ചു
പെരുവയൽ: കാലം മായ്ച്ച സൗഹൃദങ്ങളെ തിരികെ വിളിച്ചുകൊണ്ട് പെരുവയലിലെ ഒരു കൂട്ടം ആളുകൾ 'പഴയ നാട്ടുകൂട്ടം കുറിക്കല്യാണം' പുനരാരംഭിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പഴയ തലമുറയുടെ കൂട്ടായ്മകളും പുതിയ കാലത്തിന്റെ സൗഹൃദങ്ങളും ഒരുമിപ്പിച്ച്, ഗ്രാമീണ സൗഹൃദങ്ങളുടെ ഊഷ്മളത വീണ്ടെടുക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ഓഗസ്റ്റ് ഒന്നിന് ചേർന്ന ആദ്യയോഗത്തിലാണ് ഈ സംരംഭം വീണ്ടും തുടങ്ങാൻ തീരുമാനമെടുത്തത്. തുടർന്ന് പരിപാടിയുടെ വിജയത്തിനായി കെ.ടി. ബാബുരാജ് ചെയർമാനായും നിജേഷ് മുണ്ടക്കൽ കൺവീനറായും 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ഈന്തപ്പട്ട കൊണ്ട് അലങ്കരിച്ച വേദിയിൽ പാട്ടും ചായയും പലഹാരങ്ങളുമായി ഒത്തുചേർന്ന നാട്ടുകൂട്ടം പഴയകാല പാട്ടുകൾ പാടി ഓർമ്മകൾ പുതുക്കി. ബബിത് കോയങ്ങോട് ആയിരുന്നു ആദ്യ കുറിക്കല്യാണത്തിന് ആതിഥേയത്വം വഹിച്ചത്. അടുത്ത കുറിക്കല്യാണം സിദ്ധിക്ക് മഠത്തിൽ വെച്ച് നടക്കും. പുതുതലമുറയ്ക്ക് പുതിയൊരു അനുഭവമായി മാറിയ ഈ കൂട്ടായ്മ, നാടിന് ഒരു പുതിയ ഉണർവ് നൽകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Tags:
Peruvayal News



