അത്ഭുതങ്ങളുടെ മാന്ത്രികൻ വാസുദേവൻ ഓർമ്മയായി
ഫറോക്ക്: ഫറോക്ക് ചന്തയിലെ അപൂർവ കലാകാരന്മാരിൽ ഒരാളായിരുന്ന വാസുദേവൻ വൈതക്കാട് അന്തരിച്ചു. മാജിക്കിന്റെ ലോകത്ത് അത്ഭുതങ്ങൾ തീർത്ത ഈ കലാകാരൻ കലയെ ജീവിതാവസാനം വരെ സ്നേഹിച്ചു. ഫറോക്ക് ചന്ത ഗവ. മാപ്പിള യു.പി. സ്‌കൂളടക്കം നിരവധി വേദികളിൽ വാസുദേവന്റെ മായാജാലം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
മാജിക് മാത്രമല്ല, സംഗീതത്തിലും തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നു വാസുദേവൻ. തബല, ഹാർമോണിയം, ഗിറ്റാർ, ഡ്രംസ് തുടങ്ങി നിരവധി വാദ്യോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
ഫറോക്കിലെ കലാതരംഗ് ക്ലബ്ബുമായി സഹകരിച്ച് നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ക്ലബ്ബിലെ ചെറുതും വലുതുമായ കലാകാരന്മാർക്ക് അദ്ദേഹം എന്നും ഒരു വഴികാട്ടിയായിരുന്നു. കലാതരംഗ് ക്ലബ് അംഗമായ മെഹബൂബ് കോഴിപ്പള്ളി, വാസുദേവൻ വാദ്യോപകരണങ്ങൾ വായിക്കുമ്പോൾ താൻ പാടിയ ഓർമ്മകൾ പങ്കുവെച്ചു.
Tags:
Kozhikode News