Trending

വിജയത്തിളക്കത്തിൽ, പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂൾ

വിജയത്തിളക്കത്തിൽ, പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂൾ


90 വർഷത്തെ പാരമ്പര്യം, നവതി ആഘോഷങ്ങളിലേക്ക്
1935-ൽ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ച പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂൾ, അതിന്റെ നവതിയുടെ നിറവിൽ.


തൊണ്ണൂറ് വർഷത്തെ അക്ഷരവെളിച്ചത്തിന്റെ അഭിമാനസ്മരണകളുമായി സ്കൂളിന്റെ 90-ാം വാർഷികാഘോഷമായ 'ഇവാര 2K25'-ന് തുടക്കമായി. ആഘോഷങ്ങൾക്ക് ആവേശം പകർന്ന് സംഘടിപ്പിച്ച വിളംബരജാഥ, സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും കോഴിക്കോട് അസി. പോലീസ് കമ്മീഷണറുമായ എ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.


നാടും നഗരവും അണിനിരന്ന ഈ ഘോഷയാത്ര പെരുവയലിന്റെ ഹൃദയത്തിലൂടെ കടന്നുപോയി. ശിങ്കാരിമേളത്തിന്റെയും നാസിക് ഡോളിന്റെയും താളത്തിൽ, വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും ജാഥക്ക് മാറ്റുകൂട്ടി. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തൊട്ടാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സനൽ ലോറൻസ്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് എളവന, ഉനൈസ് അരീക്കൽ, സീമ ഹരീഷ്, പി.ടി.എ. പ്രസിഡന്റ് സി.എം. സദാശിവൻ, സ്വാഗതസംഘം ചെയർമാൻ പി.ജി. അനൂപ്, പ്രധാനാധ്യാപകൻ ജിബിൻ ജോസഫ് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം വളർന്ന പെരുവയൽ സെന്റ് സേവ്യേഴ്സ് സ്കൂൾ, അറിവിൻ്റെയും സംസ്കാരത്തിൻ്റെയും വിളക്കുമാടമായി ഇന്നും തലയുയർത്തി നിൽക്കുന്നു. വരും തലമുറകൾക്ക് പ്രചോദനമേകുന്ന നവതി ആഘോഷങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്.

Post a Comment

Previous Post Next Post