ജനങ്ങൾ ഉണരുന്നു.......
രാജ്യം ഉയരുന്നു...............
നെല്ലിയോട്ട് ബഷീർ
സ്വാതന്ത്ര്യദിന ലേഖനം
അമേരിക്കന്‍ എഡിറ്ററായ നോര്‍മന്‍ കസിന്‍സ് ഒരിക്കല്‍ നെഹ്റുവിനോട് ചോദിച്ചു."എന്താണ് താങ്കളുടെ പ്രധാന സംഭാവന?". നെഹ്രുവിന്റെ ഉത്തരം ഇതായിരുന്നു. "സ്വയം ഭരിക്കാന്‍ കഴിയുന്ന 40 കോടി ഇന്ത്യക്കാര്‍"(അന്നത്തെ കണക്കനുസരിച്ച്).ജനാധിപത്യമാണ് നെഹ്റുവിന്‍റെ ചിരന്തനമായ സംഭാവന.അധികാരം കൈയിലൊതുക്കുന്നതിനുപകരം തന്‍റെ ജനങ്ങളാല്‍ ജനാധിപത്യബോധം രൂഢമൂലമാക്കാന്‍ അദ്ദേഹം യത്നിച്ചു എന്നത് എല്ലാ ഇന്ത്യക്കാരനുമറിയാവുന്ന കാര്യമാണ്.140 കോടിയിലധികം വരുന്ന ജനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ജനാധിപത്യത്തില്‍ സ്വയം ഭരണം നടത്തുന്നുവെന്നത് ഈ അസാധാരണ മനുഷ്യന്‍റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ലഭിച്ച അംഗീകാരമാണ്.ഈ
സങ്കൽപ്പത്തിന്റെ കടക്കലാണ് ഇപ്പോൾ കത്തി വെച്ചിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹറു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. അദ്ദേഹത്തിന്റെ ഭരണകാലം സ്വതന്ത്ര ഇന്ത്യയുടെ സുവർണകാലമായിരുന്നു.മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവാണെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവായി നാം അംബേദ്ക്കറെ കാണുന്നുവെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് നെഹ്‌റുവാണെന്ന് ഉച്ചത്തിൽ നമുക്കോരോരുത്തർക്കും വിളിച്ചു പറയാൻ സാധിക്കും.വിവിധ സംസ്‌കാരങ്ങളും, ഭാഷകളും മതങ്ങളും ഉൾപ്പെട്ട ഒരു ജനതയെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ ഭാരതത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ തലങ്ങളിൽ ബൃഹത്തായ പലവിധ പദ്ധതികളും അദ്ദേഹത്തിന് നടപ്പാക്കാൻ സാധിച്ചു. കോടാനുകോടി ജനങ്ങൾ വിശ്വാസവും സ്നേഹവും അദ്ദേഹത്തിലർപ്പിച്ചിരുന്നു. ചേരിചേരാ നയവും പഞ്ചശീല തത്വങ്ങളും നെഹ്‌റുവിനെ വിശ്വപൗരനാക്കിയിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യത്തിനുമുമ്പും അതിനുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നിരുന്ന ഉജ്വലപ്രതിഭയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച വീരനായകരിൽ ഒരാളുമായിരുന്നു. നിത്യവും അണയാത്ത ദീപമായി ജനകോടികളുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാനുഭാവന്മാരിൽ മഹാനുമാണ്.മഹാത്മാ ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക നായകൻ, 1947 മുതൽ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളിൽ നെഹ്‌റുവിനെ ചരിത്രത്തിലറിയപ്പെടുന്നു. മഹാത്മാ ഗാന്ധിജിയുടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നെഹ്‌റു 1947 മുതൽ 1964 മെയ് ഇരുപത്തിയേഴാം തീയതി മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ഭരണസാരഥ്യം വഹിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ രാഷ്ട്രം ബഹുമാനിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ദീർഘദൃഷ്ടിയോടെ എത്തിച്ചതാണ് നെഹ്‌റു രാഷ്ട്രത്തിനായി നൽകിയ ഏറ്റവും വലിയ സംഭാവന. കൊളോണിയൽ ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ദരിദ്രജനതയെ പുനരുദ്ധരിച്ചുകൊണ്ടു നവോത്ഥാന പാതയിൽ എത്തിച്ചതും നെഹ്‌റുവായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയിൽ നെഹ്‌റു ആദ്യമായി അമേരിക്കയിൽ സന്ദർശനം തുടങ്ങുന്ന നാളുകളിൽ ഇൻഡ്യയിൽ രൂക്ഷമായ ഭക്ഷ്യപ്രശ്‍നമുണ്ടായിരുന്നു. ഗോതമ്പും അരിയും തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്കായി അമേരിക്കയുടെ സഹായം അഭ്യർഥിക്കാൻ ചില ക്യാബിനറ്റ് മന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ. 'ആദ്യമായി ഒരു രാജ്യം സന്ദർശിക്കുന്ന വേളയിൽ താൻ ഒരു പിച്ചപാത്രവും കൈകളിലേന്തി പോകാൻ തയ്യാറല്ലെന്നും' നെഹ്‌റു മറുപടി കൊടുത്തു. 'അത്തരം പ്രശ്നങ്ങൾ നാം തന്നെ പരിഹരിക്കണമെന്നും' അദ്ദേഹം പറഞ്ഞു.സത്യത്തെപ്പറ്റിയും അദ്ദേഹം തന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.എന്താണ് സത്യമെന്നുള്ളത്? പൗരാണിക കാലം മുതലുള്ള ചോദ്യമാണത്. ഓരോരുത്തരുടെയും ഭാവനകളിൽ ആയിരക്കണക്കിന് ഉത്തരങ്ങൾ ലഭിച്ചു കഴിഞ്ഞു.എങ്കിലും ആ ചോദ്യം ഇന്നും അവിടെയുണ്ട്.ചോദ്യങ്ങൾ സ്വയം ചോദിക്കുകയെന്നതാണ് അതിലേക്കുള്ള ശരിയായ വഴി.മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അംഗീകരിക്കണം. കാരണം സത്യമെന്നുള്ളത് അതിരില്ലാത്തതാണ്. സത്യത്തിലെ പൂർണ്ണതയുടെ അതിരിങ്കൽ നാം ഒരിക്കലും ചെന്നെത്തില്ല. നാം കണ്ടെത്താത്തതിനെ കൈപ്പറ്റുവാൻ ദിനേന യാത്ര ചെയ്യുകയേ മതിയാവൂ. ഭാരതത്തിന്റെ മഹാനായ ഈ പുത്രൻ തന്റെ അവസാന ശ്വാസം വരെയും ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള ഈ യാത്രയിലായിരുന്നു.
ആ യാത്രയുടെ തുടർച്ചയാണ് മുതുമുത്തച്ഛനു വേണ്ടി കൊച്ചുമകൻ ചെയ്തു കൊണ്ടിരിക്കുന്നത്.സത്യം തിരിച്ചറിയുന്നതിനു വേണ്ടി രാഹുൽ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു.... ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു...... വിജയങ്ങളുടെ അമിതഭാരത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു രാഷ്ട്രീയ ജീവിതമല്ല രാഹുൽഗാന്ധിയുടേത്. പടനയിച്ച ഒരുപാട് യുദ്ധങ്ങളിൽ നിരന്തരം തോറ്റുപോയ മനുഷ്യനാണ് അദ്ദേഹം. വിജയപ്രതീക്ഷയുടെ അങ്ങേയറ്റുനിന്നും പരാജയത്തിന്റെ ഇങ്ങേയറ്റത്തേക്ക് എടുത്തെറിയപ്പെട്ട മനുഷ്യൻ.ഒരുപാട് പോരായ്മകൾ ഉണ്ടായിട്ടുണ്ട്, അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ,അതിനെ ആളിക്കത്തിക്കുന്നതിൽ, അതിനു പിന്നാലെ ഒരു പോരാളിയെപ്പോലെ കത്തിക്കയറുന്നതിൽ, പലപ്പോഴും പ്രതീക്ഷക്കൊപ്പം ഉയരാതെ പോയിട്ടുണ്ട്. എങ്കിലും, ഇനിയും പിന്മാറാത്തൊരു പോരാട്ടമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.അതിശയിപ്പിക്കുന്ന വിജയങ്ങളുടെ അക്കങ്ങൾക്കു മുന്നിൽ നമ്മളും പലപ്പോഴും അന്തംവിട്ടു ഇരുന്നിട്ടുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നു അവിശ്വസനീയതയോടെ നോക്കിനിന്നിട്ടുണ്ട്. അത്തരം അത്ഭുതങ്ങളെ അവിശ്വസനീയതയുടെ സുരക്ഷിതത്വത്തിൽ നിന്നും വസ്തുതകളുടെ പിൻബലത്തിൽ പച്ചവെളിച്ചത്തിലേക്കു നീക്കി നിർത്തുകയാണ് രാഹുൽ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നത്.. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇതിനുപിന്നിലെ മാന്ത്രികതയെ കണ്ടെത്തുന്നതിനു വേണ്ടി ആരെങ്കിലും ഇറങ്ങിത്തിരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്ന ഒരുപാട് ഇന്ത്യൻ വോട്ടർമാരുടെ സാഫല്യം പൂവണിഞ്ഞിരിക്കുന്നു. അനൗദ്യോഗിക കണക്കുകൾ പറയുന്നത് നാലരക്കോടി മനുഷ്യർ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ലൈവ് ആയി കണ്ടു എന്നാണ്. അത്രയും കൗതുകം നിറഞ്ഞൊരു സമസ്യയിലേക്കാണ് രാഹുൽ സ്വയം പ്രകാശിച്ചത്.സത്യവാങ്മൂലം നൽകണമെന്ന കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ ആയിരുന്നു."ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്. ഞാൻ പരസ്യമായി ജനങ്ങളോടാണ് സംസാരിക്കുന്നത്.ഞാൻ സംസാരിക്കുന്നതെല്ലാം എന്റെ സത്യവാങ്മൂലങ്ങളാണ്. ഈ പറഞ്ഞ കാര്യങ്ങളിൽ യാതൊന്നും എന്റെ ഡാറ്റ അല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ആണ്. അത് സത്യമായിരിക്കുന്നിടത്തോളം,ഞാൻ പറഞ്ഞ കാര്യങ്ങളും സത്യമായിരിക്കും, സത്യവാങ്മൂലങ്ങളായിരിക്കും".
നാം എല്ലാവരും വോട്ട് ചെയ്യുന്നു.അതിൽ, ഭൂരിപക്ഷം തിരഞ്ഞെടുത്ത ആൾ നമ്മെ നയിക്കുന്നു. ആ വഴിയിൽ അവർ പ്രധാനമന്ത്രി ആവുന്നു. ചിലർ മുഖ്യമന്ത്രി ആവുന്നു. സമാനമായി പ്രതിപക്ഷ നേതാക്കളും ഉണ്ടാവുന്നു. നയിക്കുന്ന ആളുകളെ തിരുത്തിക്കാൻ കൂടി നമ്മൾ തിരഞ്ഞെടുക്കുന്ന പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. എന്നാൽ ഭരണ പക്ഷത്തിനു ചെയ്യാൻ കഴിയുന്ന പലതും, പ്രതിപക്ഷ നേതാവിന് ചെയ്യാൻ കഴിയിയില്ല. പ്രതിപക്ഷമെന്നത് നാം ഓരോരുത്തരും കൂടിയാണ്. അതിനെ ലീഡ് ചെയ്യാൻ കഴിയുന്ന ഒരു പദവി മാത്രമാണ്, സാങ്കേതികമായി പ്രതി പക്ഷനേതാവിന്റേത്. എന്നാൽ മാറിയ നമ്മുടെ രാജ്യത്ത് മനുഷ്യരുടെ, പൗരന്റെ ശബ്ദമാകാൻ ബാധ്യസ്ഥപ്പെട്ട മാധ്യമങ്ങൾ ആരെയാണ് ചർച്ച ചെയ്യുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? പ്രതിപക്ഷത്തെ. പ്രതി പക്ഷ നേതാക്കളെ,അവർ അങ്ങിനെ അല്ല പ്രതികരിക്കേണ്ടത്, ഇങ്ങനെ അല്ല,ആ അർത്ഥത്തിൽ ഏതൊക്കെ രീതിയിൽ കുറ്റപ്പെടുത്താൻ, വിചാരണ ചെയ്യാൻ പറ്റുമോ അതെല്ലാം നമ്മൾ എന്ന പൗരന്മാർക്ക് മുന്നിൽ എത്തിക്കും. ഫലത്തിൽ ആ അർത്ഥത്തിൽ നമ്മളും വിചാരണ ചെയ്യും.നാം, തിരഞ്ഞെടുത്ത ഭരണ പക്ഷത്തേക്കാൾ, പ്രതിപക്ഷത്തെ.!
അതായത്, പ്രതിപക്ഷ വിമർശനം എന്നത് എല്ലാ കാലത്തും ഭരണപക്ഷ താത്പര്യമാണ്.അല്ലാതെ നാം എന്ന, പൗരന്റെ അടിസ്ഥാന പ്രശ്നം അല്ല. അവിടെ കൂടിയാണ് നാം 2024 ൽ തിരഞ്ഞെടുത്ത രാഹുൽ ഗാന്ധി എന്ന രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ ഡീറ്റൈൽഡും ഡിജിറ്റലുമായ പത്രസമ്മേളനവും, അനുബന്ധ രാഷ്ട്രീയവും ചർച്ച ചെയ്യേണ്ടത്.നാം ദൂരെ ദിക്കുകളിൽ നിന്നു പോലും ഏറെ കഷ്ടപ്പെട്ട് എത്തി, ക്യുവിൽ നിന്ന് രേഖപ്പെടുത്തിയ വോട്ടുകൾ അല്ല വിധി നിർണ്ണയിച്ചത്.ഭരണ കൂടങ്ങളും,തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ കൃത്തിമത്ത്വം ആണെന്ന്. മത-സമുദായിക- രാഷ്ട്രീയ താത്പര്യങ്ങളെക്കാൾ നില നിൽക്കേണ്ടത് നാം,എന്ന ഓരോ മനുഷ്യനുമാണ്. ജനാധിപത്യമാണ്. അത് കൊണ്ട് തന്നെ ചിന്തിക്കേണ്ടതും, ചർച്ച ചെയ്യേണ്ടതും ആ അർത്ഥത്തിൽ തന്നെയാണ്. നിലവിൽ രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവ് വിജയി തന്നെയാണ് .അദ്ദേഹം ഓടിക്കൊണ്ടേയിരിക്കും.... ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും.ഭാരതീയ ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ ഓരോന്നായി കാറ്റിൽ പറത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന കാഴ്ച കാണുമ്പോൾ അദ്ദേഹത്തിന് വെറുതെയിരിക്കാൻ സാധിക്കില്ല.ഇന്ത്യൻ ജനാധിപത്യം വിചാരണ ചെയ്യപ്പെടുകയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന മികച്ച പ്രവർത്തനങ്ങളാണ് രാജ്യം വളർത്തിയെടുത്ത പ്രതിപക്ഷ നേതാവിൽ നിന്ന് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങളെ പരിഹസിക്കാനും രാജ്യ വിരുദ്ധമാക്കാനും കോർപ്പറേറ്റുകളും മാധ്യമങ്ങളും സംഘപരിവാറും കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഈ സമയത്തെല്ലാം അദ്ദേഹം ജനങ്ങളോട് സംവദിക്കൽ തുടരുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മുൻപിൽ ഭരണകൂടവും തെരെഞ്ഞെടുപ്പു കമ്മീഷനും ഇരുട്ടിൽ തപ്പുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. അദ്ദേഹമല്ലാതെ ഇന്ത്യയിൽ സത്യത്തിന്റെ - നീതിയുടെ വെളിച്ചം പകരാൻ മറ്റൊരു വിളക്കും നമുക്ക് കാണാൻ കഴിയു ന്നില്ല.ഇന്ന് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്നത് ജനവിധി അട്ടിമറിച്ചവരോടാണ്,ജനം പരാജയപ്പെടുത്തിയിട്ടും അധികാരത്തിൽ തുടരുന്നവരോടാണ്.അദ്ദേഹം വെക്കുന്ന ഓരോ ചുവടും ഇന്ത്യയിലെ ഓരോ മനുഷ്യർക്കും വേണ്ടിയാണ്. മാതൃരാജ്യം സൃഷ്ടിച്ചവരുടെ രക്തം ഞരമ്പിലോടുന്ന മനുഷ്യനെ അങ്ങനെയൊന്നും തോൽപ്പിക്കാൻ കഴിയില്ല. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹവും ഇന്ത്യയും വിജയിക്കുക തന്നെ ചെയ്യും.അധർമ്മത്തെ ധർമ്മം കീഴടക്കും.
സ്വതന്ത്രഇന്ത്യക്ക് 78 വയസ്സ് പ്രായമാകുമ്പോൾ ജനാധിപത്യവും മതേതരത്വവും ഒരു മരീചികയായി മാറുകയാണോ................... നീതി....സത്യം... സമത്വം.... സ്വാതന്ത്ര്യം.... സാഹോദര്യം ഒരു കാതം അകലേക്ക് മാറിയകലുകയാണോ........
ഇന്ത്യൻ ഭരണഘടന തിരുത്തപ്പെടുകയും അതിന്‍റെ അടിസ്ഥാനതത്വങ്ങൾ മാറ്റിമറിക്കപ്പെടുകയും ചെയ്യാനുള്ള സാധ്യതയിലേക്കാണോ ആധുനിക ഇന്ത്യയുടെ കുതിച്ചുചാട്ടം കാണിക്കുന്നത് ..............
"എല്ലാവരും ഭരണഘടന ഒരിക്കലെങ്കിലും വായിക്കേണ്ടിയിരിക്കുന്നു. ഭണഘടനയുടെ ആമുഖംതന്നെ അതിന്റെ ലക്ഷ്യം വ്യക്തമായി നിര്‍വചിക്കുന്നുണ്ട്".
Tags:
Articles