വ്യാജസ്വർണ്ണം വിൽക്കാൻ ശ്രമിച്ച് മുങ്ങി: ഇതര സംസ്ഥാന തൊഴിലാളിൾ അറസ്റ്റിൽ
പെരുമണ്ണ : വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച് മുങ്ങിയ കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശിയായ ഹരി ബഗൽ (54 ), ഇയാളുടെ മകൻ റാം ബഗൽ (34) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പെരുമണ്ണ സ്വദേശിയായ നിഹാലിന്റെ പലചരക്കുകടയിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങിയ്ക്കാൻ വരാറുള്ള വെസ്റ്റ് ബംഗാൾ സ്വദേശികാളായ പ്രതികൾ സാമ്പത്തികബുദ്ധിമുട്ടിലാണന്നും, തങ്ങളുടെ കൈവശമുള്ള സ്വർണ്ണമുത്തുകൾ വിറ്റുതരണമെന്നും പറയുകയായിരുന്നു.
അതുപ്രകാരം പ്രതികൾ ഒരു സ്വർണ്ണമുത്ത് കടക്കാരന് നൽകുകയും കടക്കാരൻ അത് പരിശോധിച്ചതിൽ നിന്നും സ്വർണ്ണമാണെന്ന് മനസ്സിലാക്കി പ്രതികളോട് ബാക്കിയുള്ള സ്വർണ്ണമുത്തുകൾ കൂടി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു.
തുടർന്ന് പ്രതികൾ നാല് സ്വർണ്ണമുത്തുകൾ കൂടി കടക്കാരന് എത്തിച്ചു നൽകുകയും ഈ സമയം കടക്കാരൻ അത് ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചതിന് ശേഷം പണം തരാം എന്ന് പ്രതികളോട് പറയുകയും ചെയ്തു.
ശേഷം സ്വർണ്ണം പരിശോധിക്കാനായി കടക്കാരൻ പോയസമയത്ത് പ്രതികൾ മുങ്ങുകയായിരുന്നു. സ്വർണ്ണമുത്തുകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ കടക്കാരൻ ഉടനെ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെകുറിച്ച് മനസ്സിലാക്കിയ പോലീസ് പെരുമണ്ണ കോട്ടായിതാഴത്തു വെച്ച് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നിർദേശപ്രകാരം എസ് ഐ മാരായ ജോസ് വി ഡിക്രൂസ്, മഹേഷ്, എസ് സി പി ഒ രതീഷ്, സി പി ഒ മാരായ സുബീഷ്, ബഷീർ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്നും, പ്രതികൾക്ക് എവിടെനിന്നാണ് വ്യജ സ്വർണ്ണമുത്തുകൾ ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:
Perumanna News