മലിനജല പ്രശ്‌നം: കട്ടാങ്ങലിൽ 'ടേക്ക് എ ബ്രേക്കി'നെതിരെ യൂത്ത് ലീഗ്; 2 ദിവസത്തിനകം നടപടിയില്ലെങ്കിൽ പ്രക്ഷോഭം
കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങൽ അങ്ങാടിയിൽ, ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന 'ടേക്ക് എ ബ്രേക്ക്' എന്ന സ്ഥാപനത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
നേരത്തെയും സമാനമായ രീതിയിൽ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെത്തുടർന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ സ്ഥാപനത്തിന് സ്റ്റോപ്പ് മെമോ നൽകി പൂട്ടിപ്പിച്ചിരുന്നു. എന്നാൽ, ഇതിന് ശാശ്വത പരിഹാരം കാണാതെയും പഞ്ചായത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയും സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.
ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾ പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടുമായി വിഷയം ചർച്ച ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ജൂനിയർ സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും യൂത്ത് ലീഗ് നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി രേഖാമൂലം പരാതിയും സമർപ്പിച്ചു.
Tags:
Kunnamangalam News