കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്ക് കൈത്താങ്ങായി DYFI പെരുവയൽ മേഖല കമ്മിറ്റി:
ഹൃദയപൂർവ്വം ക്യാമ്പയിൻ വൻ വിജയം
പെരുവയൽ:
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ പെരുവയൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഹൃദയപൂർവ്വം ക്യാമ്പയിൻ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പെരുവയലിലെ ഓരോ വീട്ടുകാരും അതിരാവിലെ മുതൽ ഈ ഉദ്യമത്തിൽ പങ്കുചേർന്നത് ആവേശക്കാഴ്ചയായി.
സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ പ്രഭാതം പെരുവയലിലെ ജനങ്ങൾക്ക് ഒത്തുചേരലിന്റെയും പരസ്പര സഹായത്തിന്റെയും പ്രതീകമായി മാറി.
പെരുവയലിലെ വീടുകളിലെ അടുക്കളകളിൽ കുട്ടികളും മുതിർന്നവരും യുവജനങ്ങളും ഒരുമിച്ചു ചേർന്ന് മെഡിക്കൽ കോളേജിലേക്കുള്ള ഭക്ഷണം തയ്യാറാക്കി. പച്ചക്കറി അരിയുന്നതിലും മീൻ മുറിക്കുന്നതിലും ഇല വെട്ടുന്നതിലും പാചകം ചെയ്യുന്നതിലും തുടങ്ങി ഭക്ഷണം പൊതിഞ്ഞു നൽകുന്നതുവരെ അനേകം കൈകൾ ഒരുമിച്ചു പ്രവർത്തിച്ചു.
പുതിയ തലമുറ - വിശപ്പിന്റെ വിലയറിയാത്തവർ" എന്ന വിമർശനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്, "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന ലക്ഷ്യത്തോടെയുള്ള DYFIയുടെ ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ യുവതലമുറ ദിവസങ്ങളായി കഠിനാധ്വാനം ചെയ്തു. വീടുകൾ തോറും കയറി വിവരങ്ങൾ അറിയിക്കാനും കണക്കെടുക്കാനും കവറുകൾ വിതരണം ചെയ്യാനും ഓർമ്മപ്പെടുത്തലുകൾ നൽകാനും ഒടുവിൽ ഭക്ഷണപ്പൊതികൾ ശേഖരിക്കാനും അവർ സജീവമായി രംഗത്തുണ്ടായിരുന്നു.
ജാതിമത ഭേദമന്യേയും കക്ഷിരാഷ്ട്രീയ ഭേദമന്യേയും പെരുവയലിലെ ജനങ്ങളെ ഒന്നടങ്കം ഇങ്ങനെയൊരു പുണ്യകർമ്മത്തിനായി അണിനിരത്താൻ DYFIക്ക് സാധിച്ചു. പ്രളയത്തിലും പേമാരിയിലും വറുതിയിലും കഷ്ടതകളിലുമെല്ലാം നാടിന് താങ്ങും തണലുമായി നിന്ന യുവത്വത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി ഇത്.
അനുസ്യൂതം തുടരുന്ന ഇത്തരം സേവന സന്നദ്ധ പ്രവർത്തനങ്ങളും എണ്ണമറ്റ രാഷ്ട്രീയ പോരാട്ടങ്ങളുമാണ് 'DYFI' എന്ന നാലക്ഷരത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ കുടിയിരുത്തിയതെന്ന് ഡിവൈഎഫ്ഐ പെരുവയൽ മേഖല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സ്നേഹം നിറഞ്ഞ പൊതിച്ചോറുകൾ നൽകി ഈ ഉദ്യമത്തെ വിജയിപ്പിച്ച പെരുവയലിലെ എല്ലാ ജനങ്ങൾക്കും DYFI പെരുവയൽ മേഖല കമ്മിറ്റി ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു.
Tags:
Peruvayal News