Trending

ചെറുവണ്ണൂർ മേൽപ്പാലം നിർമാണം: കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി

ചെറുവണ്ണൂർ മേൽപ്പാലം നിർമാണം: കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി




ഫറോക്ക് ചെറുവണ്ണൂരിൽ മേൽപ്പാലം നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി പാതയോരത്തെ കെട്ടിടങ്ങൾ പൊളിക്കൽ ആരംഭിച്ചു. സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾക്കായി കൂടുതലായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. ആദ്യമായി കോയാസ് ബസ് സ്റ്റോപ്പിനുസമീപത്തായുള്ള കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.

സിറ്റി റോഡ് ഇംപ്രൂവ്മെന്റ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 82.2 കോടി ചെലവിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം 18ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ നിർവഹിക്കും.

ചെറുവണ്ണൂരിൽ കരുണ ഹോസ്പിറ്റലിനുസമീപത്തുനിന്ന് തുടങ്ങി, ബിസി റോഡ് - കൊളത്തറ റോഡ്, ടി പി റോഡ് എന്നീ രണ്ട് കവലകളെ കൂട്ടിയിണക്കി ബിഎസ്എൻഎൽ കേന്ദ്രംവരെ നീളുന്ന മേൽപ്പാലത്തിന് ഒരുകിലോമീറ്ററോളമാണ്‌ നീളം. 24 മീറ്റർ വീതിയുണ്ടാകും. ഇരു പ്രവേശന ഭാഗങ്ങളിലും 32 മീറ്ററുമാകും വീതി.

കോഴിക്കോട് നഗരത്തിലേക്കും മലപ്പുറം, തൃശൂർ ഉൾപ്പെടെ ജില്ലയിലേക്കുമുള്ള യാത്രക്കാർക്ക് ഏറെ സഹായകമായിരിക്കും മേൽപ്പാലം.

കെആർഎഫ്ബിയ്ക്കാണ് നിർമാണത്തിന്റെ മേൽനോട്ട ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്‌ നിർമാണ കരാർ. ഒമ്പതുമാസത്തിനകം മേൽപ്പാലം ഗതാഗതത്തിന് തുറക്കുമെന്നാണ് സർക്കാർ തീരുമാനം.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കഴിച്ച് 59.26 രൂപ ചെലവഴിച്ചാണ് മേൽപ്പാലം നിർമാണം. മേൽപ്പാലം നിർമാണത്തിന് തുടക്കമിട്ട് പാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മേൽനോട്ടം വഹിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസും എത്തിയിരുന്നു. കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ പി ബി ബൈജു, അസി. എൻജിനിയർ ടി എസ് ഹൃദ്യ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും എത്തിയിരുന്നു.

ഗതാഗതക്കുരുക്കിന് പരിഹാരമായി സർവീസ് റോഡുകൾ

 ഗതാഗതസ്തംഭനം പതിവായ ചെറുവണ്ണൂരിൽ മേൽപ്പാലം നിർമാണം ആരംഭിക്കാനിരിക്കെ, നിർമാണ പ്രവൃത്തി തുടങ്ങുംമുമ്പേ ഇരുഭാഗത്തും സർവീസ് റോഡുകൾ ഒരുക്കും. 

റോഡിനിരുവശവും ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനൊപ്പംതന്നെ രണ്ട് സർവീസ് റോഡുകളുടെയും പണി തുടങ്ങുന്നതിനും തുടർന്ന് മേൽപ്പാലം നിർമാണവും ആരംഭിക്കുന്നതിനുള്ള പ്രവൃത്തി കലണ്ടർ ഇതിനകം കെആർഎഫ്ബി തയ്യാറാക്കിയിട്ടുണ്ട്. മേൽപ്പാലം നിർമാണം ആരംഭിച്ചാൽ ഗതാഗത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കുന്നതിനും സമയബന്ധിതമായി പ്രവൃത്തി തീർക്കുന്നതിനും മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം എല്ലാ മുൻകരുതലും സ്വീകരിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ പി ബി ബൈജു പറഞ്ഞു.

Post a Comment

Previous Post Next Post