വനിതകൾ പുതിയ തലങ്ങളിൽ :
ടൂറിസത്തിന് പുറമെ പെരുവയലിൽ ഫിറ്റ്നസ് സെന്‍ററും
![]() |
പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഫിറ്റ്നസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉപകരണങ്ങൾ പരിചയപ്പെടുന്നു |
ഉണ്ണിയപ്പത്തിലും പപ്പട നിർമ്മാണ യൂണിറ്റിലുമൊക്കെ ഒതുങ്ങിയ വനിത സംരംഭങ്ങളുടെ കാലം കഴിഞ്ഞു. ഗ്രാമങ്ങളിലെ സ്ത്രീകളെ വേറിട്ട സംരംഭങ്ങളിലേക്ക് ഉയർത്തുകയാണ് പെരുവയൽ ഗ്രാമപഞ്ചായത്ത്. മാമ്പുഴ ടൂറിസത്തിന് പുറമെ വനിതാ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഫിറ്റ്നസ് സെൻ്ററിനും പെരുവയലിൽ തുടക്കമായി.
ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് വനിതകളുടെ നേതൃത്വത്തിൽ ഫിറ്റ്നസ് സെന്‍റർ ആരംഭിച്ചത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ഗ്രൂപ്പ് സംരംഭമായാണ് സെന്‍റര്‍ ആരംഭിച്ചത്. പുലര്‍ച്ചെ 5 മുതല്‍ 10 വരെയും വൈകീട്ട് 5 മുതല്‍ 8 വരെയുമാണ് പ്രവര്‍ത്തന സമയം.
വനിതകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത സമയങ്ങളിലായി ഇവിടെ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കായികക്ഷമത ഉറപ്പാക്കുന്നോടൊപ്പം സംരംഭം പ്രോത്സാഹിപ്പിക്കലും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിതൊട്ടാഞ്ചേരി വ്യക്തമാക്കി. വനിതകളുടെ 5 സ്റ്റിച്ചിംഗ് യൂണിറ്റുകൾക്കും പഞ്ചായത്തിൽ തുടക്കമായിട്ടുണ്ട്. കായലം,പൂവാട്ടുപറമ്പ്, ആനക്കുഴിക്കര, പെരിങ്ങളം, തടപ്പറമ്പ് എന്നിവിടങ്ങളിലാണ് യുണിറ്റ് ആരംഭിച്ചത്. ഈ വർഷം 22 വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഇരുചക്ര വാഹനത്തിന് ധനസഹായം അനുവദിക്കുന്നുണ്ട്. വനിതകൾക്കായി ഓട്ടോറിക്ഷകൾ വാങ്ങുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. സുഹറ, അനീഷ് പാലാട്ട്, മെമ്പര്‍ പി.അനിത, വി.ഇ.ഒ ശ്രീജ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീന, പി.പി.ജാഫര്‍ മാസ്റ്റര്‍, ഫസീല പ്രസംഗിച്ചു.
Tags:
Peruvayal News