പെരുവയൽ ദാറുസ്സലാം മദ്രസയിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
പെരുവയൽ:
പെരുവയൽ ദാറുസ്സലാം മദ്രസയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മദ്രസ ജനറൽ സെക്രട്ടറി കെ. അബ്ദുറഹിമാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദ്രസ പ്രസിഡണ്ട് കെ.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ വാഗ്മിയും ലഹരി വിരുദ്ധ പ്രചാരകനുമായ ടി.ആർ.വി. ആബിദ് നദ്‌വി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദമായ ഉൽബോധനം നൽകി. വിദ്യാർത്ഥികൾ ലഹരിയുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
തുടർന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ റാഫി യമാനി ലഹരി ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ഒപ്പുശേഖരണത്തിന് കുഞ്ഞഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകി.
പെരുവയൽ മഹല്ല് ഖത്തീബ് ബഷീർ ബാഖവി സെമിനാർ ഉദ്ഘാടനം ചെയ്തു. ലഹരി സമൂഹത്തിൽ വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും വിദ്യാർത്ഥികൾ നല്ല ശീലങ്ങൾ പിന്തുടരണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
മദ്രസയിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് അസ്ലം അശ്അരി നന്ദി രേഖപ്പെടുത്തി.
Tags:
Peruvayal News