വിനോദ സഞ്ചാരികൾക്ക് വിരുന്നൊരുക്കി മാമ്പുഴ:
പെരുവയൽ പഞ്ചായത്തിന്റെ ടൂറിസം പദ്ധതിക്ക് തുടക്കം
മാമ്പുഴയിൽ ജല ടൂറിസവുമായി പെരുവയൽ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഗ്രൂപ്പ് സംരംഭമായാണ് കീഴ്മാട് മാമ്പുഴ പാലത്തിനു സമീപം കയാക്കിംഗ്, ബോട്ട് സർവീസ് ആരംഭിച്ചത്.
പദ്ധതിക്ക് ആവശ്യമായ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കിയത് തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്. കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. പുഴയുടെ മുഴുവൻ സ്ഥലവും സർവ്വേയിലൂടെ വീണ്ടെടുത്ത ശേഷമാണ് പെരുവയൽ ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതി ആരംഭിക്കുന്നത്. മാമ്പുഴയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തോട് ചേർന്നു നിൽക്കുന്നതും സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ പ്രദേശമായതിനാൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസത്തോടൊപ്പം സംരംഭക പ്രോത്സാഹനവും വനിതാ ശാക്തീകരണവും തൊഴിലുറപ്പ് പദ്ധതിയുടെ സംയോജനവുമെല്ലാം പദ്ധതിയുടെ പ്രത്യേകതയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാരികൾക്ക് വിരുന്നൊരുക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി സംരംഭകയെ കണ്ടെത്തിയ ശേഷം അവരെ വാട്ടർ റെസ്ക്യൂ പരിശീലനത്തിന് അയച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൻ്റെ വാട്ടർ സ്പോർട്സ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷമാണ് പദ്ധതി ആരംഭിച്ചത്.
അഡ്വ.ഹാരിസ് ബീരാൻ എംപി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സുഹറ ,അനീഷ് പാലാട്ട് ,വാർഡ് മെമ്പർമാരായ എം കെ സുഹറാബി , സുസ്മിതാ വിത്താരത്ത് , അസിസ്റ്റൻ്റ് എൻജിനീയർ കെ പി ഷംസുദ്ദീൻ, സി എം സദാശിവൻ, എൻ വി കോയ, എം പി സന്തോഷ് , ടി കെ അബ്ദുൽ അസീസ്, സി.ഫർസാന സംസാരിച്ചു.
Tags:
Peruvayal News