ജയകുമാറിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഉറങ്ങാം : താക്കോൽ ജില്ലാ സെക്രട്ടറി എം മെഹബൂബ് കൈമാറി
മാവൂർ:
അപര സ്നേഹത്തിനും അതിജീവനത്തിനും മാതൃകയായി സിപിഐ എം നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽ ചെറുകുളത്തൂർ നേത്രദാന - അവയവദാന ഗ്രാമത്തിൽ സ്നേഹവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് കുടുംബത്തിന് കൈമാറി. പുത്തൻപറമ്പത്ത് ജയകുമാറും ഭാര്യ സത്യഭാമയും മകൻ നീരജും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.
2024 ജൂൺ 26 നാണ് പുത്തംപറമ്പത്ത് ജയകുമാറിൻ്റെ വീട് ശക്തമായ കാറ്റിലും മഴയിലും തകർന്നടിഞ്ഞത്. മൺകട്ട കൊണ്ട് നിർമിച്ച തൻ്റെ ഏക ആശ്രയകേന്ദ്രം പ്രകൃതിയുടെ കലി തുള്ളലിൽ തകർന്നടിഞ്ഞപ്പോൾ ആരോഗ്യപരമായ വിഷമതകൾ അനുഭവിക്കുന്ന ജയകുമാറിനും ഭാര്യ സത്യഭാമക്കും സ്കൂൾ വിദ്യാർഥിയായ നീരജിനും വീട് നിർമിച്ച് നൽകാൻ സിപിഐ എം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റിയും ചെറുകുളത്തൂരിലെ നാട്ടുകാരും തീരുമാനിക്കുകയായിരുന്നു . ഒമ്പത് മാസം കൊണ്ടാണ് ഏകദേശം 15 ലക്ഷം രൂപ ചെലവിൽ സുന്ദരമായൊരു പുതിയ വീട് കമ്മിറ്റി നിർമിച്ചത്. സിപിഐ എം പുവ്വാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ടി രവീന്ദ്രൻ ചെയർമാനും ടി മധുസൂദനൻ കൺവീനറും പരിയങ്ങാട് തടായി ബ്രാഞ്ച് സെക്രട്ടറി അബ്ദുറഹിമാൻ ട്രഷററുമായ കമ്മിറ്റിയാണ് സ്നേഹ വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്. ഗൃഹപ്രവേശന ചടങ്ങിൽ പുവ്വാട്ടുപറമ്പ് ലോക്കൽ സെക്രട്ടറി എം എം പ്രസാദ് അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ പ്രേമനാഥ് , പി ഷൈപു എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ടി മധുസൂദനൻ സ്വാഗതവും ചെയർമാൻ എം ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു .
Tags:
Mavoor News