Trending

സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിൽ സഹകരണ പ്രസ്ഥാനത്തിന് നിർണായക പങ്ക്: സെമിനാർ സംഘടിപ്പിച്ചു.

സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിൽ സഹകരണ പ്രസ്ഥാനത്തിന് നിർണായക പങ്ക്: സെമിനാർ സംഘടിപ്പിച്ചു.


ചെറുകുളത്തൂർ: ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി “കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റവും സഹകരണ പ്രസ്ഥാനവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വളർച്ചയിൽ സഹകരണ പ്രസ്ഥാനം വഹിച്ച ചരിത്രപരമായ പങ്കും ജനകീയ വികസനത്തിൽ സഹകരണ സ്ഥാപനങ്ങൾ നൽകിയ സംഭാവനകളും സെമിനാർ ചർച്ച ചെയ്തു. സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും കാർഷിക മേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും പുരോഗതിയിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം സെമിനാറിൽ വിലയിരുത്തി.

സഹകരണ മേഖല നേരിടുന്ന സമകാലിക വെല്ലുവിളികൾ, പുതിയ കാലഘട്ടത്തിലെ സാധ്യതകൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയും ചർച്ചയായി.

ബേങ്ക് ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, സഹകരണ മേഖലയിലെ ജീവനക്കാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

നൂറുവർഷത്തെ സഹകരണ പാരമ്പര്യവും ജനകീയ ഇടപെടലുകളും അടയാളപ്പെടുത്തുന്ന വിവിധ പരിപാടികളാണ് ബേങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നത്. സെമിനാർ കോഴിക്കോട് സർക്കിൾ കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർമാനും കലിക്കറ്റ് സർവ്വീസ് സഹകരണ ബേങ്കിന്റെ പ്രസിഡണ്ടുമായ
കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സെമിനാർ കമ്മറ്റി ചെയർമാൻ ടി പി മാധവൻ അദ്ധ്യക്ഷനായി. "കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റവും സഹകരണ പ്രസ്ഥാനവും " എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫസർ ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി. വിഷയ വിചാരങ്ങൾ നടത്തി കെ പി സി സി കേന്ദ്ര രാഷ്ട്രീയ കാര്യ സമിതി അംഗവും കുരുവട്ടൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായ
എൻ സുബ്രഹ്മണ്യൻ, ബേങ്ക് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ ടി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ ഇ വിശ്വനാഥൻ, ബേങ്ക് വൈസ് പ്രസിഡണ്ടും പ്രോഗ്രാം കമ്മറ്റി കൺവീനറുമായ കെ പ്രേമരാജൻ, അനുബന്ധ കമ്മറ്റി ചെയർമാൻ കെ കൃഷ്ണൻ കുട്ടി, എന്നിവർ പങ്കെടുത്തു. സെമിനാർ കമ്മറ്റി കൺവീനർ ടി എം ചന്ദ്രശേഖരൻ സ്വാഗതവും സെമിനാർ കമ്മറ്റി വൈസ് ചെയർ പേഴ്സൺ പി അനിത നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post