ചീനിമരചുവട്ടിലെ പ്രണയം
കൊറ്റമംഗലം സ്കൂളിലെ ഏഴാം ക്ലാസ്സിലെ ആ പഴയ കൂട്ടുകാരെയും ആർപ്പുവിളികളെയും വിട്ട് ഫറോക്ക് ഗണപതി സ്കൂളിന്റെ പടികൾ കയറുമ്പോൾ എന്റെ ഉള്ളിൽ ഒരുതരം ഭയമായിരുന്നു. പരിചിതമായ മുഖങ്ങളില്ലാത്ത വലിയൊരു ലോകത്ത് ഒറ്റപ്പെട്ടുപോയ ഒരവസ്ഥ.
അന്ന് ജൂൺ മാസം ഒന്നാം തീയതി. ആകാശം കറുത്തുരുണ്ട് നിൽക്കുന്നു. നാലാം നിലയിലെ 8.L ക്ലാസ്സിലേക്ക് ഞാൻ കയറുമ്പോൾ അവിടെയെല്ലാം അപരിചിതത്വത്തിന്റെ ഒരു മൗനമായിരുന്നു. പഠിപ്പിസ്റ്റുകളുടെ താവളമായ മുൻബെഞ്ചുകളെ പേടിച്ച് സുരക്ഷിതമായ ആശ്വാസം തേടി ഞാൻ നേരെ പോയി ഇരുന്നത് ലാസ്റ്റ് ബെഞ്ചിലായിരുന്നു. ആ ബാക്ക് ബെഞ്ചിൽ എനിക്ക് കൂട്ടിന് മൂന്നുപേർ ഉണ്ടായിരുന്നു. ദിലീപ്, നിഖിൽ, നിമേഷ്. ഞങ്ങളുടെ ആ സൗഹൃദക്കൂട്ടായ്മയുടെ അവിടെ നിന്നായായിരുന്നു.
പുറത്ത് മഴ കനത്തു പെയ്യുന്നു. അപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സ് മുറിയുടെ വാതിൽക്കൽ അവൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പാതി നനഞ്ഞ യൂണിഫോമിൽ മുഖത്തെ മഴത്തുള്ളികൾ തുടച്ചുകൊണ്ട് അവൾ അകത്തേക്ക് നടന്നു.
ഇരുനിറമാണെങ്കിലും നിലാവെളിച്ചം തട്ടി തിളങ്ങുന്ന വട്ടമുഖം. നെറ്റിയിൽ ചന്ദ്രക്കല പോലെ ഒരു ചെറിയ കറുത്ത പൊട്ട്.
ആ ന്നനഞ്ഞ മുടിയിഴകൾക്കിടയിലൂടെയുള്ള അവളുടെ ആ നോട്ടം ചെന്നു തറച്ചത് എന്റെ ഹൃദയത്തിലായിരുന്നു.
എന്റെ തൊട്ടടുത്ത വരിയിലെ ബെഞ്ചിലാണ് അവൾ ഇരുന്നത്. അധികം വൈകാതെ അവളടക്കം ഞങ്ങൾ അഞ്ചുപേരും പഞ്ചപാണ്ഡവരെപ്പോലെ യായി. ചിരിയും കളിയും തമാശകളുമായി എട്ടാം ക്ലാസ്സിലെ ആ ദിനങ്ങൾ മഴവില്ലുപോലെ കടന്നുപോയി.
ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോൾ സ്കൂളിലെ വിചിത്രമായ ആ നിയമം ഞങ്ങളെ വേർപിരിച്ചു. ഓരോ വർഷവും എല്ലാ കുട്ടികളെ വേറെ വേറെ ക്ലാസ്സിലേക്ക് മാറ്റുന്ന ആ രീതി ഞങ്ങളുടെ ഒരുമിച്ചുള്ള ക്ലാസ്സ് മുറികൾ ഇല്ലാതാക്കി. എങ്കിലും ഉച്ചഭക്ഷണം കഴിഞ്ഞാൽ ഗ്രൗണ്ടിലെ ആ വലിയ ചീനിമരച്ചുവട് ഞങ്ങളുടെ സാമ്രാജ്യമായി മാറി. അവിടെയിരുന്ന് ഞങ്ങൾ പങ്കുവെച്ച പൊട്ടിച്ചിരികൾക്കും സ്വപ്നങ്ങൾക്കും ആ മരം ഇന്നും സാക്ഷിയാണ്.
പത്താം ക്ലാസ്സിലെ അവസാന പരീക്ഷാ ദിവസം എന്റെ മനസ്സ് കനത്തൊരു മഴമേഘം പോലെയായിരുന്നു. പരീക്ഷ കഴിഞ്ഞാൽ പിന്നെ ഈ സ്കൂളില്ല ചീനിമരച്ചുവടില്ല. അതിലുപരി അവളെ ഇനി കാണാൻ കഴിയില്ല എന്ന സത്യം എന്നെ വല്ലാതെ നോവിച്ചു. അത് പ്രണയമാണോ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ അവളെ കാണാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
ക്ലാസ്സിലേക്ക് കയറുന്നതിന് മുൻപ് ഞാൻ അവളുടെ അരികിൽ ചെന്ന് പതർച്ചയോടെ പറഞ്ഞു.
"പരീക്ഷ കഴിഞ്ഞ് പോകുന്നതിന് മുൻപ് എനിക്ക് നിന്നെ ഒന്ന് കാണണം. നിന്നോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്."
അവൾ ഒരു മനോഹരമായ ചിരിയോടെ എന്നെ നോക്കി.
"എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇന്നത് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഇനി ഒരിക്കലും പറ്റി എന്ന് വരില്ല."
അവളുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ ആയിരം പൂത്തിരികൾ കത്തിച്ചു. പക്ഷേ വിധി മറ്റൊരു രൂപത്തിൽ എന്റെ തോളിൽ കൈവെച്ചു. അത് ദിലീപ് ആയിരുന്നു.
"എടാ.. എനിക്കൊരു സഹായം ചെയ്യണം. എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നേരിട്ട് പറയാൻ പേടിയാ.. നീയല്ലേ അവളുടെ ബെസ്റ്റ് ഫ്രണ്ട്., നീ എനിക്ക് വേണ്ടി ഇതൊന്ന് അവളോട് പറയണം. പ്ലീസ്."
അത് കേട്ടപ്പോൾ ആ ചീനിമരത്തിൽ നിന്ന് ഒരു കൊമ്പൊടിഞ് എന്റെ തലയിൽ വീണത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്. സ്നേഹത്തിനും സൗഹൃദത്തിനുമിടയിൽ പെട്ട് ഞാൻ ശ്വാസം മുട്ടി. ഒടുവിൽ സുഹൃത്തിന് വേണ്ടി സ്വന്തം പ്രണയം ബലികൊടുക്കാൻ ഞാൻ തീരുമാനിച്ചു.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചീനിമരച്ചുവട്ടിൽ അവൾ എനിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രത്യാശയുടെയും ആകാംക്ഷയുടെയും ഒരു തിളക്കം അവളുടെ ആ കണ്ണുകളിലുണ്ടായിരുന്നു.
"പറയൂ, എന്താ നിനക്ക് പറയാനുള്ളത്.?" അവൾ ചോദിച്ചു.
നെഞ്ചിലെ ഭാരം മറച്ചുവെച്ച് കൃത്രിമമായ ഒരു ചിരിയോടെ ഞാൻ പറഞ്ഞു. "അത്... ദിലീപിന് നിന്നെ ഒത്തിരി ഇഷ്ടമാണ്. അവന് വേണ്ടി ഞാനാണ് ഇത് നിന്നോട് പറയുന്നത്."
ഒരു നിമിഷം കൊണ്ട് പ്രകൃതി നിശ്ചലമായതുപോലെ അവളുടെ മുഖത്തെ ആ ചിരി അണഞ്ഞുപോയി. കണ്ണുകളിൽ കണ്ണുനീർത്തുളളികൾ പൊടിഞ്ഞു. ഞാൻ പകച്ചുപോയി.
"നിനക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ...? അതെന്താ.. ?" ഞാൻ ചോദിച്ചു.
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടക്കാതെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ നടന്നുനീങ്ങി. ആ ജനക്കൂട്ടത്തിനിടയിൽ അവൾ മറയുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു.
അന്ന് അവൾ പറയാതെ പോയത് എന്തായിരിക്കും.? എന്റെ ഉള്ളിലുണ്ടായിരുന്ന അതേ പ്രണയമായിരുന്നോ അന്ന് അവളുടെ ആ മൗനത്തിലും ഉണ്ടായിരുന്നത്.?
ഇന്നും തിരക്കേറിയ ഇടങ്ങളിൽ അപരിചിതമായ മുഖങ്ങൾക്കിടയിൽ ഞാൻ ആ വട്ടമുഖം തിരയാറുണ്ട്.
അന്ന് ആ ജനക്കൂട്ടത്തിനിടയിലേക്ക് അവൾ നടന്നുനീങ്ങിയപ്പോൾ ശരിക്കും നിലച്ചുപോയത് എന്റെ ശ്വാസമായിരുന്നു. ഒരു വാക്ക് പോലും മിണ്ടാതെ, നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടക്കാൻ പോലും നിൽക്കാതെ അവൾ അകന്നുപോയപ്പോൾ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു ചില മൗനങ്ങൾക്ക് വാക്കുകളേക്കാൾ മൂർച്ചയുണ്ട്. അത് ഹൃദയത്തെ കീറിമുറിക്കും.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. കലണ്ടറിലെ താളുകൾ വേഗത്തിൽ മറിഞ്ഞു. കൊറ്റമംഗലം സ്കൂളിലെ ആ പഴയ ഏഴാം ക്ലാസ്സുകാരനിൽ നിന്നും ഫറോക്ക് ഗണപതി സ്കൂളിലെ പടവുകൾ കയറിയ ആ എട്ടാം ക്ലാസ്സുകാരനിൽ നിന്നും ഞാൻ ഒരുപാട് ദൂരേക്ക് നടന്നെത്തിക്കഴിഞ്ഞു. പക്ഷേ എന്റെ മനസ്സ് ഇപ്പോഴും ആ പത്താം ക്ലാസ്സിലെ അവസാന പരീക്ഷാ ദിവസം വന്ന് നിൽക്കുകയാണ്. ആ പഴയ ചീനിമരച്ചുവട്ടിൽ കനത്തുപെയ്ത അന്തരീക്ഷത്തിൽ...
ഇന്നും തിരക്കേറിയ നഗരവീഥികളിലൂടെ നടക്കുമ്പോൾ അപരിചിതമായ മുഖങ്ങളുടെ വൻമതിലുകൾക്കിടയിൽ ഞാൻ ആ വട്ടമുഖം തിരയാറുണ്ട്. നെറ്റിയിലെ ആ ചെറിയ കറുത്ത പൊട്ടും, നിലാവെളിച്ചം തട്ടുന്ന ആ ചിരിയും എവിടെയെങ്കിലും വീണ്ടും കാണാനാകുമെന്ന് എന്റെ മനസ്സ് എന്നെ ഇപ്പോഴും കബളിപ്പിക്കാറുണ്ട്. പ്രകൃതിപോലും സാക്ഷിയായി നിന്ന ആ നിമിഷത്തിൽ അവൾ പറയാൻ ബാക്കിവെച്ച് പോയ ആ വാക്കുകൾക്കായി ഇന്നും എന്റെ ആത്മാവ് ദാഹിക്കുന്നുണ്ട്.
കാലം ഒന്ന് പുറകോട്ട് ഒഴുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. ഒരൊറ്റ തവണ മാത്രം എനിക്ക് ആ ചീനിമരച്ചുവട്ടിലേക്ക് വീണ്ടും നടന്നെത്താമായിരുന്നെങ്കിൽ... ഞാൻ അവളോട് ചോദിക്കുമായിരുന്നു നീ അന്ന് ഒന്നും പറയാതെ പോയതെന്തേ...?
സൗഹൃദത്തിന്റെ പേരിൽ ഞാൻ കാട്ടിയ ആ ത്യാഗം ഒരുപക്ഷേ തകർത്തുകളഞ്ഞത് രണ്ട് ഹൃദയങ്ങളെയായിരുന്നില്ലേ എന്ന് ഞാൻ ഇന്നും സ്വയം ചോദിക്കാറുണ്ട്. നീ പറയാൻ ബാക്കിവെച്ച ആ മറുപടിക്കായി നിന്റെ ആ നിശ്ശബ്ദതയുടെ അർത്ഥത്തിനായി ഞാൻ ഇന്നും കാത്തിരിക്കുകയാണ്. നീ ഇപ്പോൾ എവിടെയായിരിക്കാം..? ഏത് ലോകത്തായാലും സുഖമായിരിക്കട്ടെ..
എങ്കിലും ഈ ജീവിതം അവസാനിക്കുന്നതിന് മുൻപ് എനിക്ക് ഒരേയൊരു ആഗ്രഹം മാത്രമാണുള്ളത്. എനിക്ക് നിന്നെയൊന്ന് കാണണം. അന്ന് പറയാൻ മടിച്ച് നിന്റെ ചുണ്ടുകളിൽ തങ്ങിനിന്ന ആ വാക്കുകൾ നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം. ആ ഒരൊറ്റ മറുപടി മതി ബാക്കി ജീവിതകാലം മുഴുവൻ എനിക്ക് ആ ഓർമ്മകളിൽ മാത്രം ജീവിച്ചുതീർക്കാൻ.
✍🏼ദിലീഷ് മലയിൽ
Tags:
Articles
