Trending

ധീരജവാൻ അബ്ദുൽ റഷീദിന് ജന്മനാടിന്റെ ആവേശോജ്ജ്വലമായ വരവേൽപ്പ്

ധീരജവാൻ അബ്ദുൽ റഷീദിന് ജന്മനാടിന്റെ ആവേശോജ്ജ്വലമായ വരവേൽപ്പ്
​
വാഴക്കാട്: 17 വർഷത്തെ സ്തുത്യർഹമായ സൈനിക സേവനത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ വെട്ടത്തൂർ സ്വദേശി അബ്ദുൽ റഷീദിന് വാഴക്കാടൻ ജനത നൽകിയത് അവിസ്മരണീയമായ വരവേൽപ്പ്.
​വാഴക്കാട് പഞ്ചായത്ത് പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് അദ്ദേഹത്തെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ സ്വദേശമായ വെട്ടത്തൂരിലേക്ക് സ്വീകരണ ഘോഷയാത്ര നടത്തി. വഴിനീളെ ആവേശകരമായ സ്വീകരണമാണ് ജവാന് ലഭിച്ചത്.


ചീനി ബസാർ, വാലില്ലാപുഴ, പണിക്കരപുറായ, എടവണ്ണപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ വെച്ച് വോയ്‌സ് ഓഫ് പാറ ഉൾപ്പെടെയുള്ള വിവിധ കൂട്ടായ്മകളും സംഘടനകളും പ്രമുഖ വ്യക്തികളും അദ്ദേഹത്തെ ഹാരമണിയിച്ചും ഷാളണിയിച്ചും ആദരിച്ചു.
​ഘോഷയാത്ര വെട്ടത്തൂർ തത്തങ്ങോട്ട് മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്വീകരണവേദിയിൽ എത്തിയപ്പോഴേക്കും സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി വേദിയിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു. കൊളമ്പലം ബീരാൻകുട്ടി സാഹിബിന്റെ നേതൃത്വത്തിലുള്ള മലപ്പുറം സൈനിക കൂട്ടായ്മ, തത്തങ്ങോട് പുഞ്ചിരി ക്ലബ്ബ് ഭാരവാഹികൾ, TDRF വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ വേദിയിലെത്തിയ ധീരജവാനെ നിറഞ്ഞ ഹർഷാരവങ്ങളോടെയാണ് നാട്ടുകാരും സഹപാഠികളും ചേർന്ന് വരവേറ്റത്.
​മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മ നേതാവ് കൊളമ്പലം ബീരാൻകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
​ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന സലീം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുംതാസ് ബീഗം, മുനീർ പുളിയക്കൽ, ഭാസ്കരൻ മാസ്റ്റർ, കരീം തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വെച്ച് വിവിധ സംഘടനകളും വ്യക്തികളും ചേർന്ന് അബ്ദുൽ റഷീദിനെ ആദരിച്ചു.

Post a Comment

Previous Post Next Post