Trending

വിധിയുടെ വിലാപം. രചന : നുസൈബ പി

വിധിയുടെ വിലാപം.
രചന : നുസൈബ പി


കാലം ഖബറടക്കിയ
സ്വപ്നങ്ങളുടെ
മഖ്ബറകളിൽ
പാതിയടഞ്ഞ
തേങ്ങലുകൾ ഇന്നും
അവശേഷിക്കുന്നു. 

ആർക്കോ എന്തിനോ 
എന്നറിയാതെ,
ജീവിച്ചു തീർത്ത 
കാലമതത്രയും
നോവിൻ്റെ കണക്കുപുസ്തകത്തിൽ കനമേറിയത് തന്നെയായിരുന്നു.

സ്നേഹത്താൽ 
പടുത്തുയർത്തിയ
കടലാസ് ഗോപുരങ്ങൾക്ക്
ഒരു കണ്ണീർമഴയുടെ
ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ..

പുറമേ പടുവൃക്ഷമായി
പന്തലിച്ച് പൂത്തു നിന്നപ്പോഴും 
വേരിനടിയിലെ 
മണ്ണും എങ്ങോ പിണങ്ങിപ്പോവാൻ
തിടുക്കം കൂട്ടിയിരുന്നു.

കൂട്ടത്തിൽ നിന്ന് 
ക്ഷണനേരം മാറിനിന്നപ്പോഴേക്കും,
കൂടെ നിന്ന ഹൃദയങ്ങളിൽ
വിതറിയ വിഷവിത്തുകൾ,
നിമിഷനേരങ്ങളുടെ
ഭാവഭേദങ്ങളിൽ
വായിച്ചെടുക്കാനാവുമായിരുന്നു.

എൻ്റെ ലോകമെന്ന്
ഉള്ളിലുറച്ച് പോയതെല്ലാം 
അന്യമായിപ്പോവുന്നത്
കണ്ടു നിൽക്കാൻ മാത്രമേ യോഗമുണ്ടായിരുന്നുള്ളൂ..


ഉള്ളിലെ ആഴിയുടെ 
അനന്തതയിൽ
ഇനിയുമൊരു  കപ്പൽ കൂടി
തീരമണയാനുണ്ടെന്ന
പ്രതീക്ഷയിൽ
തൊണ്ട നീറുന്ന നോവുകളെല്ലാം
നെഞ്ചിലേക്ക് 
ഇറക്കി വെക്കുകയായിരുന്നു.


ഒടുവിൽ,
പ്രതീക്ഷകളെല്ലാം
മാഞ്ഞുപോയപ്പോഴും
നെഞ്ചകം
ജീവിക്കാനുള്ള കാരണം 
തേടിക്കൊണ്ടേയിരുന്നു.


രചന : നുസൈബ പി


Post a Comment

Previous Post Next Post