കാരുണ്യത്തിന്റെ തണൽമരങ്ങൾ: ആക്കോട്ടും കൽപ്പള്ളിയിലും നിർദ്ധനർക്ക് ആശ്വാസമായി ഫുഡ് കിറ്റ് വിതരണം
നന്മ വറ്റാത്ത മനുഷ്യരുടെ കൂട്ടായ്മ വീണ്ടും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചമായി മാറുകയാണ്. മലപ്പുറം ജില്ലയിലെ ആക്കോട് മൂളപ്പുറത്തും വാഴക്കാട് കൽപ്പള്ളിയിലുമായി നിർദ്ധന കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ഫുഡ് കിറ്റ് വിതരണം നാടിന് വലിയൊരു ആശ്വാസവും മാതൃകയുമായി.
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജുവിന്റെ നേതൃത്വത്തിൽ നടന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ റിട്ടയേഡ് എസ്.ഐ. അബൂബക്കർ കോയ, കരീം എളമരം, ഫൈസൽ പെരുവയൽ, പ്രവാസി സഹോദരൻ മുഹമ്മദ് സിയാം എന്നിവരും പങ്കാളികളായി.
പ്രവാസ ലോകത്തുനിന്ന് ലീവിന് നാട്ടിലെത്തിയ പ്രിയ സഹോദരൻ മുഹമ്മദ് സിയാമിന്റെ സാന്നിധ്യവും പിന്തുണയുമാണ് ഈ പ്രവൃത്തിക്ക് സവിശേഷമായ തിളക്കമേകിയത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ജന്മനാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ പ്രയാസങ്ങൾ കണ്ടറിയാനും അവരെ സഹായിക്കാനും അദ്ദേഹം കാണിച്ച മനസ്സ് ഏറെ പ്രശംസനീയമാണ്.
ആക്കോട് മൂളപ്പുറത്ത് നടന്ന മാസാന്ത ഫുഡ് കിറ്റ് വിതരണത്തോടൊപ്പം തന്നെ വാഴക്കാട് കൽപ്പള്ളി പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കും സ്നേഹോപഹാരമായി ഫുഡ് കിറ്റുകൾ എത്തിച്ചു നൽകാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. പ്രവാസ ലോകത്തിന്റെയും നാടിന്റെയും കൈകോർക്കലിലൂടെ സാധ്യമായ ഈ നന്മ, ഇനിയും ഏറെ നിർദ്ധനരായ മനുഷ്യരിലേക്ക് സഹായഹസ്തമായി എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.
Tags:
Articles



