ആറുദിവസം കിണറ്റിൽ കുടുങ്ങിയ രണ്ടു നായകളെ സുരക്ഷിതമായി പുറത്തെത്തിച്ച് TDRF വളണ്ടിയർമാർ
കോഴിക്കോട്: ആറുദിവസമായി ആഴമുള്ള കിണറ്റിൽ അകപ്പെട്ട് മരണമുഖത്തു കഴിഞ്ഞിരുന്ന രണ്ട് നായകളെ സുരക്ഷിതമായി രക്ഷപ്പെടുത്തി TDRF വളണ്ടിയർമാർ. ഭയവും വിശപ്പും ദാഹവും സഹിച്ചു കിണറിന്റെ ഇരുട്ടിൽ കഴിഞ്ഞിരുന്ന മിണ്ടാപ്രാണികൾക്ക് നാട്ടുകാരുടെയും വളണ്ടിയർമാരുടെയും സമയബന്ധിതമായ ഇടപെടൽ ജീവന്റെ വെളിച്ചമേകി.
കിണറ്റിനുള്ളിൽ നിന്ന് ഉയർന്ന നിശബ്ദമായ അപേക്ഷ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിവരം സന്നദ്ധപ്രവർത്തകരെ അറിയിക്കുന്നത്. സന്ദേശം ലഭിച്ച ഉടൻ തന്നെ TDRF വളണ്ടിയർമാരായ റഷീദ് വെള്ളായിക്കോട്, മരക്കാരുട്ടി ചാമാടത്ത്, റഹീം പെരുമണ്ണ, ഷംസു പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
കിണറിന്റെ ആഴവും അപകടസാധ്യതകളും കണക്കിലെടുത്ത് ഏറെ ശ്രദ്ധയോടെയും കരുതലോടുകൂടിയുമാണ് സംഘം താഴെയിറങ്ങി രണ്ടു നായകളെയും പുറത്തെത്തിച്ചത്. ആറുദിവസത്തെ കാത്തിരിപ്പിനൊടുവിൽ പുറംലോകത്തെത്തിയ ജീവികൾക്ക് ആവശ്യമായ പ്രാഥമിക പരിചരണവും നൽകി.
Tags:
Perumanna News


