Trending

ഗുരുസ്മരണയിൽ പ്രണാമം: പ്രിയ ഗുരുനാഥന് സ്നേഹവിരുന്നൊരുക്കി പാഴൂർ എ.ഐ.സി പൂർവ്വ വിദ്യാർത്ഥികൾ

ഗുരുസ്മരണയിൽ പ്രണാമം: പ്രിയ ഗുരുനാഥന് സ്നേഹവിരുന്നൊരുക്കി പാഴൂർ എ.ഐ.സി പൂർവ്വ വിദ്യാർത്ഥികൾ

കൂളിമാട്: മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ പ്രിയ ഗുരുനാഥൻ ബഷീർ മാസ്റ്റർക്ക് സ്നേഹവിരുന്നൊരുക്കി മാതൃകയായി പാഴൂർ അൻസാറുൽ ഇസ്ലാം കോളേജിലെ 1994-96 പ്രീ-ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'എ ഐ സി മെമ്മറീസ്'. നിലവിൽ പ്രവാസിയായ കണ്ണൂർ സ്വദേശി ബഷീർ മാസ്റ്റർ അവധിക്ക് നാട്ടിലെത്തിയതറിഞ്ഞ് അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചുവരുത്തിയാണ് പൂർവ്വ വിദ്യാർത്ഥികൾ മഹനീയമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ നേർക്കാഴ്ച തീർത്തത്.
​കൂളിമാട് അങ്ങാടിയിലെ കൂട്ടക്കടവത്ത് തറവാട്ടുവളപ്പിൽ പുതുതായി പ്രവർത്തനമാരംഭിച്ച അലോകാസ്യ ഫുഡ് കോർട്ടിന്റെ പ്രകൃതിരമണീയമായ അങ്കണത്തിൽ ‘ടീ ടോക്ക് വിത്ത് ബഷീർ മാസ്റ്റർ’ എന്ന പേരിൽ പ്രൗഢമായ ചടങ്ങാണ് സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥികൾ പ്രിയ അധ്യാപകനുമായി പഴയകാല കോളേജ് ഓർമ്മകൾ പങ്കുവെക്കുകയും അദ്ദേഹത്തിനായി പ്രത്യേക വിരുന്നൊരുക്കുകയും ചെയ്തു. കൂടാതെ 30 വർഷം മുമ്പ് തങ്ങളുടെ പഠനകാലത്ത് പുറത്തിറക്കിയ കോളേജ് മാഗസിന്റെ കയ്യെഴുത്തുപ്രതി അദ്ദേഹത്തിന് സമ്മാനിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
​എ.ഐ.സി മെമ്മറീസ് ചെയർമാൻ കലാം മാസ്റ്റർ മാവൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് നദ്‌വി ആശംസകൾ നേർന്നു. അംഗങ്ങളായ റഹ്മാൻ കുറ്റിക്കടവ്, സലാം മാസ്റ്റർ പനങ്ങോട്, ഫർഹത്ത് പാഴൂർ, സാബിറ, ഉമൈബാനു, ഖൈറുന്നീസ, സീനത്ത്, സഫിയ, ഹസീന, നൗഷാദ് കൽപള്ളി, റഫീഖ് കുറ്റിക്കടവ്, സൗദ, സുലൈഖ, റൈഹാനത്ത്, നുസ്രത്, റഫീഖ് കൂളിമാട്, ജാഫർ, സലിം ചെറുപ്പ തുടങ്ങിയവർ സംബന്ധിച്ചു.
​പ്രോഗ്രാം കോർഡിനേറ്റർമാരായ സെക്കീന കൂട്ടക്കടവത്ത്, മുജീബ് പാഴൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post