മഴക്കാല കെടുതി: കുന്ദമംഗലത്ത് അടിയന്തര യോഗം ചേർന്നു; 'മാസ്റ്റർ വളണ്ടിയേഴ്സ് അലർട്ട് ടീം' രൂപീകരിച്ച് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ
കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനായി എം. എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ യോഗം വിശദമായി വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യോഗത്തിൽ സമഗ്രമായ പദ്ധതികൾക്ക് രൂപം നൽകി. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാൻ വിവിധ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥർ മുഴുവൻ സമയ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
മഴക്കാല കെടുതി നേരിടുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനുമായി എം.എൽ.എയുടെ മേൽനോട്ടത്തിൽ 'മാസ്റ്റർ വളന്റിയർ അലർട്ട് ടീമിന് രൂപം നൽകി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഫാസില യോഗത്തിന് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിനോദ് പടനിലം നന്ദി രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, ഫയർഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു..
Tags:
Kunnamagalam News


