ദുരിതക്കയത്തിൽ കപ്പഴിയുന്ന മുത്തുവിനും കുടുംബത്തിനും ആശ്വാസമായി എം.എൽ.എ.യുടെ ഓണപ്പുടവ
മാവൂർ: പ്ലാസ്റ്റിക് ഷീറ്റിന്റെ മറയിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ കഷ്ടതകളോട് മല്ലിട്ട് കഴിയുന്ന മുത്തുവിനും എട്ടംഗ കുടുംബത്തിനും കരുതലും സന്തോഷവുമായി സ്ഥലത്തെ എം.എൽ.എ. റസാഖ് മാസ്റ്റർ. തിരുവോണനാളുകൾക്ക് മുന്നോടിയായി കുടുംബത്തെ നേരിൽ സന്ദർശിച്ച എം.എൽ.എ. ഇവർക്ക് ഓണപ്പുടവകൾ സമ്മാനിച്ചു. ചെറൂപ്പ അയ്യപ്പൻകാവ് പൊൻപറക്കുന്നിന് താഴെയാണ് വർഷങ്ങളായി ഈ കുടുംബം അസൗകര്യങ്ങളോട് പൊരുതി ജീവിച്ചു വരുന്നത്.
സാമൂഹിക മാധ്യമങ്ങൾ വഴി ഈ കുടുംബത്തിന്റെ ദയനീയ ജീവിതസാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.എൽ.എ. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ഇവരുടെ ശാശ്വതമായ പുനരധിവാസം ഉറപ്പാക്കുന്നതിനായി ആവശ്യമായ തട്ടത്തിലുള്ള സർക്കാറതല നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ചെറൂപ്പ ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി. ഉമ്മർ മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ. എം. നൗഷാദ്, മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് സെക്രട്ടറി യു. എ. ഗഫൂർ എന്നിവരും പങ്കെടുത്തു. കുടുംബത്തിന്റെ ദുരവസ്ഥ പൊതുസമൂഹത്തിന് മുന്നിലെത്തിച്ച് സഹായമെത്തിക്കാൻ വഴിയൊരുക്കിയ സാമൂഹിക മാധ്യമ പ്രവർത്തകൻ ടി. ആദിഷും ചടങ്ങിൽ സാന്നിധ്യമായിരുന്നു.
Tags:
Mavoor News

