വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: കൂരാച്ചുണ്ട് ബഡ്സ് സ്കൂളിന് സ്വന്തം സ്ഥലമായി
കൂരാച്ചുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും വിജയകരമായ പരിസമാപ്‌തി. കഴിഞ്ഞ 8 വർഷമായി വാടക കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ച് വരുന്ന കൂരാച്ചുണ്ട് ബഡ്സ് സ്കൂളിന് കെട്ടിടം പണിയാൻ സ്വന്തമായ സ്ഥലമായി.
ഭിന്നശേഷിക്കാരായ മുപ്പതോളം കുട്ടികൾ പഠിക്കുന്ന ബഡ്‌സ് സ്കൂളിന് കെട്ടിടം പണിയാൻ കൂരാച്ചുണ്ട് സ്വദേശിയായ കാനാട്ട് അജിത്ത് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. കെട്ടിട നിർമാണത്തിന് ആവശ്യമായ ബാക്കി 5 സെന്റ് സ്ഥലം കൂരാച്ചുണ്ട് പഞ്ചായത്തിലെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.
കെ.എസ്.എസ്.പി.എ കൂരാച്ചുണ്ട് യൂണിറ്റ്, ഡോ. എ.ജെ. വർക്കി, ജോയ് മൂലകുന്നേൽ, ജോമോൻ ചിറപ്പുറം, ആന്റണി തൈക്കാട്ട്, പുഷ്പ കരിങ്ങട, മാത്യു പുത്തൂർ, രാധാകൃഷ്ണൻ ഇരട്ടപ്പാറക്കൽ, ജോസ് കുന്നത്തേട്ട്, മനു ചേലാപ്പറമ്പത്ത്, ജോർജ് ചെമ്മാച്ചേൽ, റസാഖ് കായാട്ടുമ്മൽ, അബി സി. ചേലാപറമ്പത്ത്, തോമസ് എളംബ്ലാശ്ശേരി എന്നിവരുടെ സഹകരണത്തോടെയാണ് ഭൂമി വാങ്ങിയത്.
പ്രസിഡന്റ് സിനി ജിനോ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറയ്ക്കൽ, അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ കെ.പി. എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി നടത്തിയ ഇടപെടലുകളാണ് ബഡ്സ് സ്കൂളിന് സ്വന്തമായ ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
Tags:
Kozhikode News

