മാനവിക സൗഹാർദ്ദം സമൂഹപുരോഗതിയുടെ അടിത്തറ: ഐ.എസ്.എം
കോഴിക്കോട്: മാനവിക സൗഹാർദ്ദവും പരസ്പര ബഹുമാനവുമാണ് സമൂഹത്തിന്റെ സമാധാനത്തിന്റെയും പുരോഗതിയുടെയും അടിത്തറയെന്നും വൈവിധ്യങ്ങളെ അംഗീകരിച്ച് സഹകരണം വളർത്തുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹ സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും മനുഷ്യരെ ഒന്നിപ്പിക്കുന്ന മാനവിക മൂല്യങ്ങൾക്ക് സമൂഹം കൂടുതൽ പ്രാധാന്യം നൽകണമെന്ന് സ്നേഹ സംവാദം അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങളെ സംഘർഷങ്ങളിലേക്ക് വഴിതിരിച്ചുവിടാതെ ആരോഗ്യകരമായ സംവാദങ്ങളിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും പരിഹരിക്കാനുള്ള പക്വത സമൂഹം കാണിക്കണം. വാദിക്കാനും ജയിക്കാനുമല്ല, മറിച്ച് അറിയാനും അറിയിക്കാനുമാണ് സംവാദങ്ങൾ ഉണ്ടാകേണ്ടതെന്നും വ്യത്യാസങ്ങൾക്കിടയിലും സ്നേഹത്തോടെ ജീവിക്കാൻ ശീലിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബാബു അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ. ഡോ. ടി.ഐ. ജെയിംസ്, ബഷീർ പട്ടേൽത്താഴം, മുസ്തഫ തൻവീർ, മുഹമ്മദ് അമീർ, അനസ് സ്വലാഹി കോഴിച്ചെന, സി. മരക്കാരുട്ടി, സി. സെയ്തുട്ടി, അസ്‌ലം എം.ജി. നഗർ, സമീർഖാൻ കിണാശ്ശേരി, ജാനിഷ് പെരുമണ്ണ, സ്വാലിഹ് പട്ടേൽത്താഴം എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News

