ഹജ്ജ് അപേക്ഷാ തീയതി രണ്ട് ദിവസം കൂടി നീട്ടണം: കേന്ദ്ര സർക്കാറിന് കത്തയച്ച് എം.എ. റസാഖ് മാസ്റ്റർ എം. എൽ. എ
കോഴിക്കോട്: ഹജ്ജ് 2027 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി രണ്ട് ദിവസം കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം എം.എൽ.എയും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ എം.എ. റസാഖ് മാസ്റ്റർ കേന്ദ്ര സർക്കാറിന് നിവേദനം അയച്ചു. കേന്ദ്ര ഹജ്ജ് ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജുവിനാണ് ഇമെയിൽ വഴി അടിയന്തര നിവേദനം സമർപ്പിച്ചത്.
നിലവിൽ ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 24 വെള്ളിയാഴ്ച രാത്രി 11:59 വരെയാണ് അനുവദിച്ച് നൽകിയിട്ടുള്ളത്. എന്നാൽ അവസാന ദിവസങ്ങളിൽ പോർട്ടലിലുണ്ടായ കടുത്ത സാങ്കേതിക തടസ്സങ്ങളും സെർവർ മന്ദഗതിയായതും കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലകളിൽ നിന്നും മലയോര പ്രദേശങ്ങളിൽ നിന്നുമുള്ള അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സമയബന്ധിതമായി അപ്‌ലോഡ് ചെയ്യുന്നതിനും പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അപേക്ഷാ തീയതി ജൂലൈ 26 വരെ നീട്ടി നൽകുന്നത് അർഹരായ മുഴുവൻ ആളുകൾക്കും അപേക്ഷ പൂർത്തിയാക്കാൻ സഹായകമാകും. അപേക്ഷകരിൽ നിന്നുള്ള നറുക്കെടുപ്പ് ജൂലൈ 30-നാണ് നിശ്ചയിച്ചിട്ടുള്ളത് എന്നതിനാൽ, രണ്ട് ദിവസത്തെ സമയം നീട്ടി നൽകുന്നത് തുടർനടപടികളെ ബാധിക്കില്ലെന്നും തീർത്ഥാടകരുടെ പ്രയാസം കണക്കിലെടുത്ത് വിഷയം അനുകൂലമായി പരിഗണിക്കണമെന്നും എം എ റസാഖ് മാസ്റ്റർ എം. എൽ. എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:
Kunnamagalam News

