നാടക ഗാനങ്ങളുടെ തേൻ മഴ പെയ്തിറങ്ങി
ബാലുശ്ശേരി: ജാസ്മിൻ മ്യൂസിക് അക്കാദമിയുടെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ആദ്യദിനം പഴയ കാല നാടക ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയാൽ ശ്രദ്ധേയമായി. കേരളത്തിൻ്റെ സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിൽ വിപ്ലവകരമായമാറ്റങ്ങൾക്ക് വലിയ പങ്കു വഹിച്ച ജനകീയ കലയായ നാടകങ്ങളുടെയും അവയ്ക്കു പിന്നിലെ കൂട്ടായ്മകളുടെയും നിരന്തര പരിശ്രമങ്ങളുടെയും ജ്വലിക്കുന്ന സ്മരണകൾ കൊണ്ടും വേറിട്ട ദൃശ്യ- ശ്രവ്യാനുഭവമാണ് ഇതിലൂടെ പകർന്ന് നൽകിയത്. 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ' , 'ചെപ്പുകിലുക്കണ ചങ്ങാതി' , 'മാരിവില്ലിൻ തേൻ മലരേ' 'ബലികുടീരങ്ങളേ'തുടങ്ങിയ ഗാനങ്ങൾ കാണികളുടെ മനസ്സിൽ 'മധുരിക്കും ഓർമ്മകളാ'യി. അക്കാദമി പഠിതാക്കളും ജാസ്മിൻ ആർട്സ് അംഗങ്ങളും ചേർന്നവതരിപ്പിച്ച പരിപാടിക്ക് കൊയിലാണ്ടി കൊല്ലം സ്വദേശി വാവാമഗേഷ് നേതൃത്വം നൽകി. അമേച്വർ- പ്രൊഫഷണൽ നാടക അഭിനയരംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട ബിജു രാജഗിരി, മെയ്ക്കപ്പ് രംഗത്ത് 30 വർഷം പൂർത്തിയാക്കിയ ജീവരാജ് വിക്ടറി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രകാശ് കരുമല ,മോഹനൻ. എ.പി , എം. പ്രേമ, അഡ്വ: പി.കെ. മനോഹരൻ ,പി.പി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 4 ദിവസങ്ങളിലായി നടക്കുന്ന വാർഷിക ഘോഷത്തിൻ്റെ രണ്ടാം ദിനമായ ജൂലൈ 12 ഞായറാഴ്ച അന്യഭാഷാ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗാനമേളയും , മൂന്നാം ദിനമായ ജൂലൈ 20 ന് നൃത്തനൃത്യങ്ങളും അരങ്ങേറും. സമാപന ദിവസമായ ആഗസ്റ്റ് 3 ന് പഠിതാക്കളുടെ കോമഡി സ്‌കിറ്റും ബഹുഭാഷാ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഓർക്കസ്ടയും നടക്കും.
Tags:
Kozhikode News

