വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ല; ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണം: ഐ.എസ്.എം
കോഴിക്കോട്: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന സമീപനവും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐ.എസ്.എം കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന യുവതലമുറയുടെ ആശങ്കകൾ കേൾക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യേണ്ടതിന് പകരം പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ സുതാര്യവും ഉത്തരവാദിത്തപരവുമായ പരീക്ഷാ സംവിധാനം അനിവാര്യമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടുകൾ വിദ്യാർത്ഥികളുടെ ഭാവിയെയും സമൂഹത്തിന്റെ വിശ്വാസത്തെയും ബാധിക്കുന്നതിനാൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ ക്രമക്കേട് ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാറിനും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ഐ.എസ്.എം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സമൂഹം മുഴുവൻ പിന്തുണ നൽകണമെന്നും വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഐക്യദാർഢ്യ സമ്മേളനം അഡ്വ.ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈൻ മടവൂർ, എ. സജീവൻ, നിജേഷ് അരവിന്ദ്, ലിജീഷ്, മിസ്ഹബ് കീഴരിയൂർ, ധനീഷ് ലാൽ, ഡോ.ജംഷീർ ഫാറൂഖി, ഹാഫിസ് റഹ്‌മാൻ മദനി,ജുനൈദ് സലഫി, അഹമ്മദ് റഊഫ്, അസ്‌ലം എം.ജി നഗർ എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News

