Trending

നാടിന്റെ സ്നേഹ സാന്നിധ്യത്തിന് ആദരം; എളേറ്റിൽ വട്ടോളിയുടെ സ്വന്തം ‘ജോഷി ഡോക്ടറെ’ മങ്ങാട് എ.യു.പി സ്കൂൾ ആദരിച്ചു.

നാടിന്റെ സ്നേഹ സാന്നിധ്യത്തിന് ആദരം; എളേറ്റിൽ വട്ടോളിയുടെ സ്വന്തം ‘ജോഷി ഡോക്ടറെ’ മങ്ങാട് എ.യു.പി സ്കൂൾ ആദരിച്ചു.


എളേറ്റിൽ:വൈദ്യശാസ്ത്രം വെറുമൊരു തൊഴിലല്ല, മറിച്ച് മനുഷ്യത്വപരമായ സമർപ്പണമാണെന്ന് നാല് പതിറ്റാണ്ടുകാലത്തെ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ജനപ്രിയ ഭിഷഗ്വരൻ ഡോ. ജോഷി ജോണിനെ മങ്ങാട് എ.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് എളേറ്റിൽ വട്ടോളിക്കാരുടെ പ്രിയപ്പെട്ട 'ജോഷി ഡോക്ടർക്ക്' സ്നേഹാദരവ് നൽകിയത്.



വ്യാപാരി വ്യവസായി ഏകോപന സമിതി വട്ടോളി യൂണിറ്റ് പ്രസിഡന്റ് ടി.പി. കാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉമ്മർ മാസ്റ്റർ ഡോക്ടർക്ക് സ്നേഹോപഹാരം സമർപ്പിച്ചു.

മാറിവരുന്ന കാലത്തും മാറാത്ത നന്മ
ചികിത്സാ രംഗം വലിയ ബിസിനസ്സ് ആയി മാറുമ്പോഴും, സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് വളരെ കുറഞ്ഞ ഫീസ് മാത്രമാണ് അദ്ദേഹം ഈ 41 വർഷക്കാലവും ഈടാക്കിയത്. മുൻകാലങ്ങളിൽ 20 രൂപയും 30 രൂപയും മാത്രം വാങ്ങി സേവനം ചെയ്ത അദ്ദേഹം, ഇപ്പോഴും വെറും 50 രൂപ മാത്രമാണ് രോഗികളിൽ നിന്ന് ഫീസായി ഈടാക്കുന്നത്. സമയഭേദമില്ലാതെ, പാതിരാത്രിയിൽ ചെന്ന് വിളിച്ചാൽ പോലും പുഞ്ചിരിയോടെ ഇറങ്ങിവന്ന് രോഗികളെ പരിചരിക്കുന്ന ഡോക്ടർ, എളേറ്റിൽ വട്ടോളിക്കാരുടെ വലിയൊരു കാവലാണ്.

1985-ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നിന്നും എളേറ്റിൽ വട്ടോളിയിലെത്തിയ ഡോക്ടറും കുടുംബവും ഇന്ന് ഈ നാടിന്റെ ഹൃദയമിടിപ്പായി മാറിക്കഴിഞ്ഞു. പണത്തിന്റെയോ പദവിയുടെയോ സമ്പാദ്യങ്ങളേക്കാൾ വലിയ, ജനങ്ങളുടെ ഹൃദയത്തിൽ നേടിയെടുത്ത അചഞ്ചലമായ സ്നേഹമാണ് തന്റെ ഏറ്റവും വലിയ ആസ്തിയെന്ന് അദ്ദേഹം വിനയത്തോടെ ഓർത്തു.

പുതിയ തലമുറയ്ക്ക് കാരുണ്യത്തിന്റെ വലിയൊരു പാഠപുസ്തകമാണ് ഡോക്ടറുടെ ജീവിതമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ എ.കെ. ഗ്രിജീഷ് ജൗഹറത്തുൽ മാക്കിയ, ലൂന പി.കെ. തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെൽത്ത് ക്ലബ്ബ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Post a Comment

Previous Post Next Post