എം.എ.റസാഖ് മാസ്റ്റർ എം.എൽ.എയുടെ ഇടപെടൽ; ചെറൂപ്പ ആരോഗ്യ കേന്ദ്രത്തെ 24x7 സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കാൻ തുടർനടപടികളുമായി സർക്കാർ
തിരുവനന്തപുരം/കുന്ദമംഗലം: മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ (MCH യൂണിറ്റ്) പ്രവർത്തനങ്ങൾ ഊർജിതമാക്കാനും, 24 മണിക്കൂർ പ്രവർത്തനം പൂർണ്ണതോതിൽ പുനസ്ഥാപിച്ചുകൊണ്ട് ഇതിനെ അത്യാധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി വികസിപ്പിക്കാനും സർക്കാർ തുടർനടപടികൾ സ്വീകരിക്കും. കുന്ദമംഗലം എം.എൽ.എ ശ്രീ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ആരോഗ്യ വകുപ്പ് മന്ത്രി മറുപടി നൽകിയതാണിത്.
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററായ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ മുൻപ് ഹൗസ് സർജന്മാരുടെ സേവനം ഉപയോഗപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. എന്നാൽ കൊട്ടാരക്കരയിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തെത്തുടർന്ന്, മെഡിക്കൽ ഓഫീസർമാരുടെ സാന്നിധ്യമില്ലാതെ ഹൗസ് സർജന്മാർ ഒറ്റയ്ക്ക് ഡ്യൂട്ടി ചെയ്യേണ്ടതില്ലെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ സേവനത്തിൽ മാറ്റം വരുത്തേണ്ടി വന്നത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന ഇവിടെ ഈവനിംഗ് ഒ.പി നടന്നുവരുന്നുണ്ട്.
സ്ഥാപനത്തിന്റെ ഭരണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും തമ്മിലുള്ള തസ്തിക കൈമാറ്റങ്ങളിലെ സാങ്കേതിക കാര്യങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്. തിരുവനന്തപുരം പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ ഭരണ നിയന്ത്രണം നഗരസഭയ്ക്ക് വിജയകരമായി കൈമാറിയ മാതൃക പിന്തുടർന്ന്, ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണതോതിൽ ഊർജിതമാക്കാനുള്ള തുടർ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി സഭയെ അറിയിച്ചു.
ചെറൂപ്പ ആരോഗ്യ കേന്ദ്രത്തെ മികച്ച രീതിയിലുള്ള 24x7 സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി കുറഞ്ഞത് 30 കിടക്കകളുള്ള പ്രത്യേക വാർഡുകൾ സജ്ജീകരിക്കേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിന് അനുസൃതമായി കൺസൾട്ടേഷൻ റൂമുകൾ, ട്രീറ്റ്‌മെന്റ് മുറികൾ, ഇമ്മ്യൂണൈസേഷൻ റൂം, രോഗികൾക്കായി വിശാലമായ കാത്തിരിപ്പ് കേന്ദ്രം എന്നിവയടങ്ങുന്ന പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമ്മാണം അനിവാര്യമാണെന്ന് എം.എൽ.എ സബ്മിഷനിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഒരു ഔദ്യോഗിക വാഹനം അനുവദിക്കുകയും, നിലവിലുള്ള ഡ്രൈവർ തസ്തികയിലേക്ക് അടിയന്തരമായി നിയമനം നടത്തുകയും ചെയ്യേണ്ടതുണ്ട്.
പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് പ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് ചെറൂപ്പയിൽ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എം.എ.ൽ.എ ഉന്നയിച്ച മറ്റു വികസന ആവശ്യങ്ങളും ഭരണപരമായ നടപടികളും അനുഭാവപൂർവ്വം പരിഗണിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ പുനരുജീവനത്തിനായി ജനപ്രതിനിധി എന്ന നിലയിൽ നിരന്തരമായി നടത്തുന്ന ഇടപെടലുകൾക്ക് വലിയ പിന്തുണയാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്നത്.
Tags:
Kozhikode News

