കാൽപ്പന്താവേശത്തിനൊരു മാസ്റ്റർ ടച്ച്!
കുന്ദമംഗലം: റഫറിയുടെ ആദ്യ വിസിൽ മുഴങ്ങിയ നിമിഷം മുതൽ സ്പാനിഷ് പട സ്വർണ്ണ കപ്പിൽ മുത്തമിട്ട ഫൈനൽ പോരാട്ടത്തിന്റെ അവസാന സെക്കൻഡ് വരെ; കുന്ദമംഗലം മണ്ഡലം അനുഭവിച്ചറിഞ്ഞത് ചരിത്രത്തിലില്ലാത്തത്ര വലിയൊരു കാൽപ്പന്ത് മാമാങ്കത്തിനായിരുന്നു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അതിന്റെ പൂർണ്ണതയിൽ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരിലേക്ക് വരെ എത്തിച്ച പെരുവയൽ ‘മാസ്റ്റർ ഗോൾ ഫാൻ പാർക്ക്’, കാൽപ്പന്താരാധനയ്ക്ക് കുന്ദമംഗലം വരച്ചുവെച്ച തികച്ചും വ്യത്യസ്തമായൊരു മാതൃകയായി മാറുകയായിരുന്നു.
കുന്ദമംഗലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് എം.എ. റസാക്ക് മാസ്റ്റർ എം.എൽ.എ മുന്നോട്ടുവെച്ച 'മാസ്റ്റർ പ്ലാൻ' ആശയങ്ങളുടെ കായികവും സാമൂഹികവുമായ മികച്ച പ്രതിഫലനമായിരുന്നു പെരുവയലിൽ ഉയർന്നുവന്ന ഈ ഹൈടെക് ഫാൻ പാർക്ക്. കേവലം മത്സരങ്ങൾ കാണാനുള്ള ഒരിടം എന്നതിനപ്പുറം, മണ്ഡലത്തിലെ യുവത്വവും ജെൻ സി (Gen Z) തലമുറയും നെഞ്ചേറ്റിയ ഏറ്റവും വലിയ 'ഹാങ്ഔട്ട് സ്പോട്ട്' ആയി മാറാൻ ഈ ഫാൻ പാർക്കിന് കഴിഞ്ഞു.
40-ഓളം ദിവസങ്ങളിലായി നടന്ന 104-ഓളം മത്സരങ്ങൾ ഒന്നുപോലും വിട്ടുപോകാതെ തത്സമയം കാണികൾക്ക് മുന്നിലെത്തിച്ചു എന്നതാണ് ഫാൻ പാർക്കിന്റെ പ്രധാന സവിശേഷത. കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകൾക്ക് മുന്നിൽ തത്സമയ ശബ്ദവെളിച്ച വിന്യാസങ്ങളോടെ ഒരുക്കിയ വിശാലമായ ഗാലറി സംവിധാനം, പെരുവയലിലെ കാണികൾക്ക് സമ്മാനിച്ചത് സാന്റിയാഗോ ബെർണബ്യൂവിലോ ലുസെയ്ൽ സ്റ്റേഡിയത്തിലോ ഇരുന്ന് കളി കാണുന്ന പോലെയുള്ള സാക്ഷാൽ സ്റ്റേഡിയം വൈബ് തന്നെയായിരുന്നു. ജയപരാജയങ്ങളിൽ ഗാലറിയിലിരുന്ന് ഒന്നിച്ച് ആർത്തുവിളിച്ചും നിരാശ പങ്കുവെച്ചും കാണികൾ ഒന്നടങ്കം ഈ ആവേശം അനുഭവിക്കുകയായിരുന്നു.
വിവിധ ദിവസങ്ങളിലായി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ഫാൻ പാർക്ക് ശ്രദ്ധേയമായി. മൈജി ഫ്യൂച്ചർ ചെയർമാൻ എ.കെ. ഷാജി, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാദ് എ.കെ, മാസിൻ (ജോയ് ആലുക്കാസ്), പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മൊയ്തു, ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം പി.എൻ. നൗഫൽ, സിനിമാ-സീരിയൽ താരം ഷാജി കൊടുവള്ളി തുടങ്ങിയ ഒട്ടേറെ പ്രമുഖർ വൻജനക്കൂട്ടത്തോടൊപ്പം പെരുവയലിൽ കളി കാണാനും ആവേശം പങ്കുവെക്കാനുമായി എത്തിയിരുന്നു.
മത്സരപ്രദർശനങ്ങൾക്ക് പുറമെ, കാണികളെ സജീവമായി നിർത്തിയ നിരവധി സർഗ്ഗാത്മക പരിപാടികളാൽ ഇവിടം സമ്പന്നമായിരുന്നു. ദിവസേന നടന്ന പ്രവചന മത്സരങ്ങൾ (Prediction contests), ഫുട്ബോൾ ക്വിസ്, തന്ത്രപരമായ കളിവിശകലനങ്ങൾ (Tactical discussions), ഫുട്ബോൾ ഡിബേറ്റുകൾ, പെനാൽറ്റി ഷൂട്ടൗട്ടുകൾ എന്നിവ കായികപ്രേമികൾക്ക് വലിയ ആവേശമാണ് പകർന്നത്. മണ്ഡലത്തിലെ കായിക മേഖലയുടെ പുരോഗതിയും ഭാവി സാധ്യതകളും ചർച്ച ചെയ്യുന്ന 'സ്പോർട്സ് ടോക്ക്' പരിപാടികളും ഇതിനോടനുബന്ധിച്ച് നടന്നു. കൂടാതെ, ഫാൻ മാർച്ചുകളും വാക്കാത്തോണും മണ്ഡലത്തിലുടനീളം ആവേശം വിതറി.
കായികപ്രേമത്തെ വളരെ മികച്ചൊരു സാമൂഹിക ദൗത്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഈ ഫാൻ പാർക്കിന്റെ ഏറ്റവും വലിയ പ്രസക്തി. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മൈജി ഗ്രൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കിയ ‘മാസ്റ്റർ ഗോൾ മില്യൺസ് ഗോൾ വണ്ടി’ മണ്ഡലത്തിലുടനീളം പ്രയാണം നടത്തി.
ഡിജിറ്റൽ സ്ക്രീനുകളും ബോധവൽക്കരണ സന്ദേശങ്ങളും അടങ്ങിയ ഈ വാഹനം കുന്ദമംഗലത്തെ 150-ഓളം സ്കൂളുകളിലും കോളേജുകളിലും പ്രധാന അങ്ങാടികളിലും എത്തിച്ചേർന്നു. ക്യാമ്പസുകളിൽ ആവേശം വിതറുന്നതിനൊപ്പം "ലഹരിയല്ല, ജീവിതമാണ് ലഹരി" എന്ന സന്ദേശം പുതിയ തലമുറയുടെ മനസ്സുകളിലേക്ക് കൊത്തിവെക്കാനും ഈ പര്യടനത്തിന് കഴിഞ്ഞു.
Tags:
Peruvayal News




