Trending

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം: പേരാമ്പ്രയിൽ സി.ഐ.ടി.യു സായഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം: പേരാമ്പ്രയിൽ സി.ഐ.ടി.യു സായഹ്ന ധർണ്ണ സംഘടിപ്പിച്ചു


പേരാമ്പ്ര: ഡൽഹിയിൽ ജനാധിപത്യ അവകാശങ്ങൾക്കും നീതിക്കും വേണ്ടി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.ഐ.ടി.യു അഖിലേന്ത്യ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പേരാമ്പ്രയിലും ശക്തമായ ജനകീയ പ്രതിരോധം. സി.ഐ.ടി.യു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര മാർക്കറ്റ് സ്ക്വയറിന് സമീപം സായഹ്ന ധർണ്ണ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാർത്ഥി സമൂഹം നേരിടുന്ന ഭരണകൂട വേട്ടക്കെതിരെയും, വിയോജിപ്പുകളെ അടിച്ചമർത്തുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുമുള്ള ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പായി ധർണ്ണ മാറി. തൊഴിലാളി-വിദ്യാർത്ഥി ഐക്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചോതിയ സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും പ്രതികരണ സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുമ്പോൾ, വിദ്യാർത്ഥി പോരാട്ടങ്ങൾക്ക് കാവലാളാകാൻ തൊഴിലാളി വർഗ്ഗം എപ്പോഴും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കെ പി സജീഷ് സ്വാഗതമാശംസിച്ചു. നേതാക്കളായ ഇ. കെ. ഗോപി, വി എം ഷീജ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനകീയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. എൻ. കെ. ലാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post