Trending

ചെറൂപ്പ ആരോഗ്യ കേന്ദ്രം അത്യാധുനിക സി.എച്ച്.സി ആക്കുന്നു: കിടത്തിച്ചികിത്സയും 24 മണിക്കൂർ പ്രവർത്തനവും ഉടൻ പുനഃസ്ഥാപിക്കും

ചെറൂപ്പ ആരോഗ്യ കേന്ദ്രം അത്യാധുനിക സി.എച്ച്.സി ആക്കുന്നു: കിടത്തിച്ചികിത്സയും 24 മണിക്കൂർ പ്രവർത്തനവും ഉടൻ പുനഃസ്ഥാപിക്കും

മാവൂർ: ഏറെക്കാലമായി കുന്ദമംഗലം മണ്ഡലം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നിന് ശാശ്വത പരിഹാരമാകുന്നു. മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ (MCH യൂണിറ്റ്) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കിടത്തിച്ചികിത്സ അടക്കമുള്ള സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും ആശുപത്രിയെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി (CHC) വികസിപ്പിക്കാനുമുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.
​കുന്ദമംഗലം എം.എൽ.എ ശ്രീ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ആരോഗ്യ വകുപ്പ് മന്ത്രി നൽകിയ ഉറപ്പിന്റെയും മറുപടിയുടെയും തുടർച്ചയായാണ് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾക്കായുള്ള സന്ദർശനവും തുടർനടപടികളും നടന്നത്.
​പ്രദേശവാസികൾക്ക് ഏറെ ആശ്രയമായിരുന്ന ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കണമെന്നത് മണ്ഡലത്തിലെ ജനങ്ങളുടെ വലിയൊരു ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ വിഷയം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും, രാത്രികാല സേവനമടക്കം ലഭ്യമാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക രീതിയിലുള്ള സി.എച്ച്.സി ആയി ഇതിനെ മാറ്റാനുമുള്ള സർക്കാർ തീരുമാനത്തിന്മേൽ ഇപ്പോൾ തുടർനടപടികൾ ആരംഭിച്ചിരിക്കുകയാണ്.
​കിടത്തിച്ചികിത്സ പുനഃസ്ഥാപിക്കപ്പെടുന്നതോടെ മാവൂരും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post