Trending

ആവേശമായി മാസ്റ്റർ പ്ലാനിലെ എഡ്യു കാർണിവൽ

ആവേശമായി മാസ്റ്റർ പ്ലാനിലെ എഡ്യു കാർണിവൽ



കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർ സംഘടിപ്പിച്ച എഡ്യു കാർണിവൽ ആവേശോജ്വലമായി.


മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിച്ച് സംഘടിപ്പിച്ച പരിപാടി കുന്ദമംഗലം മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭമായിരുന്നു.


മൂവായിരത്തിലധികം പേർ പങ്കെടുത്ത എഡ്യു കാർണിവൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ വഴിവിളക്കായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത പരിപാടിയിൽ എത്തിയ എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി എംഎൽഎ ആദരിച്ചു.


അക്കാദമിക രംഗത്തും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ മണ്ഡലത്തിലെ അൻപതോളം വിദ്യാലയങ്ങളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഡോ. ആതിര സുഗതൻ കെ.യെയും ചടങ്ങിൽ ആദരിച്ചു.


അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതി നടപ്പാക്കുന്നതെന്ന്, ചടങ്ങ് ഉദ്ഘാദാനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് മുന്നോട്ട് വരണമെന്നും ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു.

ലഹരിക്കെതിരായ ദീപശിഖ ചടങ്ങിൽ മന്ത്രി എം.എ. റസാഖ് മാസ്റ്റർ എംഎൽഎയ്ക്ക് കൈമാറി. 
മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ശക്തമായ ജനകീയ പോരാട്ടമാണ് ഓപറേഷൻ തൂഫാനിലൂടെ ആരംഭിച്ചിരിക്കുന്നതെന്നും, ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ മണ്ഡലത്തിൽ നിന്നും വളർത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും, 
 എന്നാൽ മാത്രമേ നവയുഗ കേരളം സൃഷ്ടിക്കാനാകൂവെന്നും റസാഖ് മാസ്റ്റർ  അഭിപ്രായപ്പെട്ടു.

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും, ലഹരിക്കെതിരായ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിന്റെയും എഡ്യു കാർണിവലിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും നാർക്കോട്ടിക് ലഹരിയിൽ നിന്ന് സംരക്ഷിച്ച് നവകേരളം പടുത്തുയർത്താൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ശിൽപിയായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുന്ദമംഗലത്തിന്റെ സ്നേഹോപഹാരവും എം.എ. റസാഖ് മാസ്റ്റർ എംഎൽഎ ചടങ്ങിൽ സമ്മാനിച്ചു.

ചടങ്ങില്‍ എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, നോര്‍ത്ത് സോണ്‍ ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എ പി ഷൗക്കത്തലി, മുന്‍ എം.എല്‍.എ യു സി രാമന്‍, എൻ സുബ്രഹ്മണ്യൻ, എ.ഇ.ഒമാരായ കെ രാജീവ്, ഷംജിത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post