Trending

അവളുടെ നിശ്ശബ്ദം: രചന : ടിൻസി ബിനോയ്

അവളുടെ നിശ്ശബ്ദം:
രചന : ടിൻസി ബിനോയ്


അവൾക്ക് പേര് വേണ്ട. കാരണം ആ വീട്ടിൽ അവൾക്ക് പേരില്ലായിരുന്നു.  
‘നീ’, ‘എടീ’, ‘പൊട്ടി’ എന്ന വിളികളിൽ അവൾ സ്വയം മറന്നു പോയിരുന്നു.  

ഭർത്താവ് കുഞ്ഞോയ്. നാട്ടുകാർക്ക് മാതൃക. പുഞ്ചിരിയുടെ രാജകുമാരൻ.  
ചാരിറ്റിക്ക് സംഭാവന, ക്ലബ്ബിൽ പ്രസംഗം, ഫേസ്ബുക്കിൽ കുടുംബഫോട്ടോ.  
അടിക്കുറിപ്പ്: "My Queen, My World".  

പക്ഷേ വാതിലടഞ്ഞാൽ രാജാവ് മാറും.  

അവിടെ അവൾ ഒരിക്കലും ശരിയായിരുന്നില്ല.  
ഉപ്പ് കൂടിയാൽ— "നിനക്ക് ബുദ്ധിയില്ല."  
ഉപ്പ് കുറഞ്ഞാൽ— "എന്നെ കൊല്ലാനുള്ള പ്ലാനാണോ?"  
ചിരിച്ചാൽ— "ആരെ കാണിക്കാനാ ഈ ചിരി?"  
മിണ്ടാതിരുന്നാൽ— "എന്താ അഹങ്കാരം?"  

അവളുടെ സങ്കടങ്ങൾക്ക് അവിടെ വിലയില്ല. അവന്റെ സന്തോഷം മാത്രമായിരുന്നു നിയമം.  
അവൾ ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ചു:  
"നീ? നിനക്ക് പുറത്തിറങ്ങിയാൽ വഴി തെറ്റും. ഞാനില്ലാതെ നീ ഒന്നുമല്ല."  

പതിയെ അവൾ അതു വിശ്വസിച്ചു തുടങ്ങി.  
കണ്ണാടിയിൽ നോക്കുമ്പോൾ അവനാണ് കാണുന്നത്.  
"നീ വെറും പൊട്ടി. നീ അഭംഗിയാണ്. നിന്നെ ആർക്കു വേണം?"  

ഒരു ദിവസം അവളുടെ അമ്മ ചോദിച്ചു: "മോളെ, നീ മെലിഞ്ഞല്ലോ?"  
അവൾ ചിരിച്ചു: "ഡയറ്റിംഗ് ആണമ്മേ."  
ഉള്ളിൽ പട്ടിണി കിടന്നിട്ട് ദിവസം മൂന്നായിരുന്നു. അവൻ പറയും:  
"തടി വച്ചാൽ എനിക്ക് നാണക്കേടാ."  

കൂട്ടുകാരെ വിളിക്കാൻ പാടില്ല. വീട്ടുകാരോട് സംസാരിച്ചാൽ ക്രോസ് വിസ്താരം.  
"എന്താ നീ അവരോട് പറഞ്ഞത്? എനിക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കിയോ?"  

അവൾക്ക് ദേഷ്യം വരുമ്പോൾ അവൻ കരയും.  
"നീയെന്നെ സ്നേഹിക്കുന്നില്ല. ഞാൻ എന്തെല്ലാം ചെയ്തു നിനക്ക് വേണ്ടി."  
അവളുടെ കണ്ണീർ അപ്പോൾ കുറ്റബോധമായി മാറും.  
അവസാനം അവൾ തന്നെ മാപ്പ് പറയും. എന്തിനെന്നറിയാതെ.  

ഒരു രാത്രി അവൾ ഡയറിയിൽ എഴുതി:  
"ഞാൻ മരിച്ചാൽ അവൻ സ്റ്റാറ്റസ് ഇടും— 'എന്റെ ലോകം പോയി'.  
ആളുകൾ കമന്റിടും— 'എത്ര സ്നേഹമായിരുന്നു'.  
സത്യം ആരറിയാൻ?"  

പക്ഷേ ആ രാത്രി അവൾ മരിച്ചില്ല.  
മകൾ വന്ന് കെട്ടിപ്പിടിച്ചു ചോദിച്ചു: "അമ്മേ, എന്തിനാ കരയുന്നേ?"  
ആ കുഞ്ഞുകൈകളിലെ ചൂടിൽ അവൾ ഞെട്ടിയുണർന്നു.  
"ഇവൾ കൂടി എന്നെപ്പോലെ ആവരുത്."  

പിറ്റേന്ന് അവൾ ആദ്യമായി 'ഇല്ല' എന്ന് പറഞ്ഞു.  
ഒരു ചെറിയ വാക്ക്. പക്ഷേ അവളുടെ ജീവിതത്തിലെ ആദ്യത്തെ യുദ്ധം.  
അവൻ അലറി, ഭീഷണിപ്പെടുത്തി, കരഞ്ഞു, പിന്നെ വീണ്ടും സ്നേഹം അഭിനയിച്ചു.  
പഴയതുപോലെ അവൾ വീണില്ല.  

ഇന്ന് അവൾ തെറാപ്പിസ്റ്റിന്റെ മുറിയിലാണ്.  
മകൾ വരച്ച ചിത്രം കയ്യിലുണ്ട്— ഒരമ്മയും മകളും കൈകോർത്ത് നടക്കുന്നു.  
തലക്കു മുകളിൽ വലിയൊരു സൂര്യൻ.  

അവൾ പഠിക്കുകയാണ്—  
സ്നേഹം എന്നാൽ തടവറയല്ലെന്ന്.  
ക്ഷമ എന്നാൽ സ്വയം മരിക്കുന്നതല്ലെന്ന്.  
'ഇല്ല' എന്ന വാക്ക് പാപമല്ലെന്ന്.  

അവളുടെ കഥ തീർന്നിട്ടില്ല. പക്ഷേ ഇനി ആ കഥ എഴുതുന്നത് അവൾ തന്നെയാണ്.  
നാസിസ്റ്റിൻ്റെ നിഴലിൽ നിന്ന് ഇറങ്ങി വന്ന ഒരു പെണ്ണിന്റെ കഥ. 

രചന : ടിൻസി ബിനോയ്

Post a Comment

Previous Post Next Post