അറബി ഭാഷയ്ക്ക് അനന്തമായ സാദ്ധ്യതകളുണ്ട്:
ഡോ. ഹുസൈൻ മടവൂർ
വണ്ടൂർ ( മലപ്പുറം ):
ആധുനിക ലോകത്ത് അറബി ഭാഷയ്ക്ക് അനന്തമായ സാദ്ധ്യതകളുണ്ടെന്നും അത് മനസ്സിലാക്കി മലയാളി വിദ്യാർത്ഥികൾ അറബി ഭാഷാപഠനത്തിണ് കൂടുതൽ താല്പര്യം കാണിക്കണമെന്നും കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
വണ്ടൂർ സലഫിയ്യ കോളേജ് ബിരുദ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അദ്ധ്യയന വർഷം ബി.എ അഫ്സലുൽ ഉലമാ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കററുകൾ അദ്ദേഹം വിതരണം ചെയ്തു.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രമുഖ ലോക ഭാഷകളിലൊന്നാണ് അറബി. ലോകത്ത് ഇരുപത്തിയഞ്ച് രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയായ അറബി നാൽപത് കോടിയിലധികം ജനങ്ങളുടെ സംസാര ഭാഷയാണ്. അനറബി രാജ്യങ്ങളിൽ അറബി ഭാഷ കൈകാര്യം ചെയ്യുന്ന കോടിക്കണക്കിന്നാളുകൾ വേറെയുമുണ്ട്. സാഹിത്യരംഗത്ത് മാത്രമല്ല, വാണിജ്യ വ്യവസായ മേഖലകളിലും മാധ്യമ രംഗത്തും ടൂറിസം മേഖലകളിലും അറബി ഭാഷക്ക് വലിയ സാദ്ധ്യതകളുണ്ട്. അത് കൊണ്ടാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഡോക്ടറേറ്റ് തലം വരെ അറബി ഭാഷ പഠിപ്പിക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, കൊറിയ തുടങ്ങിയ രാഷ്ട്രങ്ങളിലും ആധുനിക അറബി ഭാഷ പഠിക്കാൻ നിരവധി സ്ഥാപനങ്ങളുണ്ടായിട്ടുണ്ട്. നവമാദ്ധ്യമങ്ങളും നിർമ്മിത ബുദ്ധിയുമുപയോഗിച്ചുള്ള പഠന സാധ്യതകൾ അറബി ഭാഷാ വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ കേരള സർക്കാറും നമ്മുടെ യൂണിവേഴ്സിറ്റികളും കൂടുതൽ ക്രമീകരണങ്ങളുണ്ടാക്കണമെന്നും മുൻ അറബിക്കോളെജ് പ്രിൻസിപ്പാളും ഹൂമൺ റിസോഴ്സ് ഡെവലപ് മെൻ്റ് (എഛ് ആർ ഡി എഫ് ) ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.
Tags:
Kozhikode News



