Trending

ക്വാലാലംപൂരിൽ മൂന്നാമത് അന്താരാഷ്ട്ര മതനേതൃ ഉച്ചകോടി സമാപിച്ചു: മതങ്ങൾക്കിടയിൽ സൗഹൃദം വളർത്തണമെന്ന് ഡോ. ഹുസൈൻ മടവൂർ

ക്വാലാലംപൂരിൽ മൂന്നാമത് അന്താരാഷ്ട്ര മതനേതൃ ഉച്ചകോടി സമാപിച്ചു: മതങ്ങൾക്കിടയിൽ സൗഹൃദം വളർത്തണമെന്ന് ഡോ. ഹുസൈൻ മടവൂർ


ക്വാലാലംപൂർ:
മലേഷ്യൻ ഭരണകൂടവും മക്കയിലെ മുസ്ലിം വേൾഡ് ലീഗും ( റാബിത്വ ) സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര മതനേതൃ ഉച്ചകോടി ക്വാലാലംപൂരിൽ സമാപിച്ചു. “മതനേതാക്കളും യുവജന ശാക്തീകരണവും, സഹവർത്തിത്വവും സാമൂഹിക സൗഹാർദ്ദവും ശക്തിപ്പെടുത്തൽ” എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്.


മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ച ഉച്ചകോടിയിൽ, മലേഷ്യയുടെ ഉപരാജാവായ ഹിസ് റോയൽ ഹൈനെസ് സുൽത്താൻ നസ്രിൻ മുയിസുദ്ദീൻ ഷാ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ആഗോള മുസ്ലിം പണ്ഡിതസഭാ അധ്യക്ഷനുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ-ഈസാ ഉച്ചകോടിയുടെ ലക്ഷ്യങ്ങളും ദർശനവും വിശദീകരിച്ച് സംസാരിച്ചു.


അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പണ്ഡിതന്മാരും മതനേതാക്കളും ഗവേഷകരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആശയവിനിമയങ്ങളിൽ ഏർപ്പെടുകയും ചെയ്തു. യുവജന ശാക്തീകരണം, മതാന്തര സംവാദം, സാമൂഹിക സൗഹാർദ്ദം, തീവ്രവാദത്തിനും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരായ മതനേതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു.

മലേഷ്യയുടെ മതകാര്യ വകുപ്പ് മന്ത്രി സെനറ്റർ ഡോ. ദുൽ കിഫ്‌ലി ബിൻ ഹസൻ, ദേശീയ ഐക്യ മന്ത്രി ആരോൺ ആഗോ ദഗാങ്, മാലദ്വീപ് ഇസ്‌ലാമിക കാര്യ-വഖഫ് മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, ഈജിപ്ത് ഗ്രാൻഡ് മുഫ്തി ശൈഖ് ഡോ. നസീർ അയാദ് അൽ-അമീൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയിൽ നിന്ന് ഇന്റർനാഷണൽ സദ്‌ഗുരു ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് സ്വാമി സദ്‌ഗുരു ബ്രഹ്മേശാനന്ദ ആചാര്യയും, എച്ച്.ആർ.ഡി.എഫ് (ഡൽഹി) ചെയർമാൻ ഡോ. ഹുസൈൻ മടവൂരും ഉച്ചകോടിയിൽ പങ്കെടുത്തു. വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിൽ സൗഹൃദവും ബഹുമാനവും വളത്താൻ ഇത്തരം ഉച്ചകോടികൾ സഹായകമാവുമെന്ന് ഡോ ഹുസൈൻ മടവൂർ പറഞ്ഞു. കഴിഞ്ഞ വർഷം ബ്രസീലിലും മക്കയിലും ഇന്തോനേഷ്യയിലും കംബോഡിയയിലും നടന്ന ആഗോള സമ്മേളനത്തിലും ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിരുന്നു. 

സമാധാനവും സഹവർത്തിത്വവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിൽ യുവജനങ്ങളുടെയും മതനേതാക്കളുടെയും പങ്കാളിത്തം നിർണായകമാണെന്ന് ഉച്ചകോടി ഊന്നിപ്പറഞ്ഞു.

Post a Comment

Previous Post Next Post