ഇന്ധനക്കൊള്ളയ്ക്കെതിരെ പേരാമ്പ്രയിൽ സി.പി.ഐ. സായാഹ്ന ധർണ്ണ
പേരാമ്പ്ര: കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ, പാചകവാതക വില അനുദിനം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുഷ്കരമാക്കുന്നതിനെതിരെ സി.പി.ഐ. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സായാഹ്ന ധർണ്ണ നടത്തി. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു.
രാജ്യം അസാധാരണമായ വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്ന് പി. സുരേഷ് ബാബു പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുമ്പോൾ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കോൺഗ്രസ് ഗവൺമെന്റാണ് എണ്ണവില നിർണ്ണയാധികാരം എണ്ണക്കുത്തക കമ്പനികൾക്ക് നൽകിയത്. ഈ നയം ബി.ജെ.പി. സർക്കാർ കൂടുതൽ വേഗതയിൽ നടപ്പിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ വില യഥേഷ്ടം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മാത്രം 12 രൂപയാണ് വർദ്ധിപ്പിച്ചത്. എൽ.പി.ജി. സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടി. ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികൾ വൻലാഭമാണ് കൊയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം ഈ വർഷത്തെ മൂന്ന് മാസത്തിൽ 4902 കോടി രൂപയും ഭാരത് പെട്രോളിയം (BPCL) 3191 കോടി രൂപയും ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രണ്ട് ലക്ഷം കോടി രൂപയുടെ ലാഭമാണ് എണ്ണക്കമ്പനികൾ സ്വന്തമാക്കിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞിട്ടും അത് ജനങ്ങൾക്ക് കൈമാറാതെ മോദി സർക്കാർ ജനദ്രോഹം തുടരുകയാണെന്നും, കെട്ടിട നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ എല്ലാ മേഖലയിലും ഇതിന്റെ ഫലമായി വില വർദ്ധിക്കുകയാണെന്നും പി. സുരേഷ് ബാബു കൂട്ടിച്ചേർത്തു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം ടി. ഭാരതി ടീച്ചർ അധ്യക്ഷത വഹിച്ചു. വിനോദ് തിരുവോത്ത് സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, എ.ഐ.ടി.യു.സി. നേതാവ് എ.കെ. ചന്ദ്രൻ മാസ്റ്റർ, സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ഭാസ്കരൻ മാസ്റ്റർ, ശശി കിടക്കൻ പേരാമ്പ്ര, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി എ.ജി. രാജൻ, കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, പി.കെ. രാജു എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

