ലോകകപ്പ് ആവേശം വാനോളം: കുന്ദമംഗലത്ത് റസാഖ് മാസ്റ്റർ എം.എൽ.എയുടെ 'മാസ്റ്റർ ഗോൾ' ഫാൻ പാർക്കിന് ഉജ്ജ്വല തുടക്കം
പെരുവയൽ: ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കായികപ്രേമികൾക്കായി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ ഒരുക്കുന്ന 'മാസ്റ്റർ ഗോൾ' ഫാൻ പാർക്കിന് പെരുവയലിൽ ആവേശോജ്ജ്വലമായ തുടക്കമായി.
കുന്ദമംഗലത്തിന്റെ കായിക-സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് എം.എൽ.എ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'മാസ്റ്റർ പ്ലാനിന്റെ' ഭാഗമായാണ് ഈ വിപുലമായ ഫാൻ പാർക്ക് സംഘടിപ്പിച്ചിരിക്കുന്നത്.
പെരുവയൽ ടർഫിന് എതിർവശം സജ്ജമാക്കിയ മാസ്റ്റർ ഗോൾ ഫാൻ പാർക്കിന്റെ ഉദ്ഘാടനം എം. എ റസാഖ് മാസ്റ്റർ എം. എൽ. എ നിർവ്വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം പി. എൻ. നൗഫൽ മുഖ്യാതിഥിയായി.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്റ്റേഡിയം പ്രതീതി ഉണർത്തുന്ന അന്തരീക്ഷത്തിൽ കളി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
അത്യാധുനിക എൽ.ഇ.ഡി (LED) ബിഗ് സ്ക്രീനിൽ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമാണ് (Live Telecast) ഫാൻ പാർക്കിന്റെ പ്രധാന ആകർഷണം. വരും ദിവസങ്ങളിലും കായികപ്രേമികൾക്ക് സൗജന്യമായി ഇവിടെ വന്ന് മത്സരങ്ങൾ ആസ്വദിക്കാവുന്നതാണ്.
മത്സര സംപ്രേഷണത്തിന് പുറമെ, കായികപ്രേമികളുടെ ആവേശം ഇരട്ടിയാക്കാൻ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും ഫാൻ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ആരാധകരുടെ ഒത്തുചേരൽ വിളിച്ചോതുന്ന 'ഫാൻ മാർച്ച്', ആവേശകരമായ 'ഷൂട്ടൗട്ട് മത്സരങ്ങൾ', വിവിധ ടീമുകളുടെ ആരാധകർ തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങൾ നടക്കുന്ന 'ഫാൻസ് ഡിബേറ്റ്', ഫുട്ബോൾ അറിവുകൾ പങ്കുവെക്കാനും സമ്മാനങ്ങൾ നേടാനുമുള്ള 'ലൈവ് ഫുട്ബോൾ ക്വിസ്' എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫാൻസ് പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫാൻസ് മാർച്ചും അരങ്ങേറി. ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ. വി ജാഫർ അധ്യക്ഷത വഹിച്ചു. രവികുമാർ പാലോളി, അനീഷ് പാലാട്ട്, എം. ബാബുമോൻ, പി. ടി അസീസ്, എ. പി അബ്ദുസമദ് എന്നിവർ പങ്കെടുത്തു. ഫാൻസ് ഡിബേറ്റിന് ജാഫർ സാദിഖ് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി സ്വാഗതവും ഉനൈസ് പെരുവയൽ നന്ദിയും പറഞ്ഞു.
Tags:
Peruvayal News





