Trending

വെള്ളിലയിലെ മിന്നൽ ദുരന്തം: മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ വീടുകൾ സന്ദർശിച്ചു

വെള്ളിലയിലെ മിന്നൽ ദുരന്തം: മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ വീടുകൾ സന്ദർശിച്ചു

വെള്ളില: ഒരാഴ്ച മുമ്പ് മലപ്പുറത്തിനടുത്ത് വെള്ളിലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരണപ്പെട്ട ദാരുണമായ സംഭവത്തിൽ, ദുരന്തബാധിത കുടുംബങ്ങളെ മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ സന്ദർശിച്ചു. ഫൗണ്ടേഷൻ പ്രസിഡണ്ട് സയ്യിദ് ഹാശിം അൽ ഹദ്ദാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മരണപ്പെട്ട വിദ്യാർത്ഥികളുടെ വീടുകളിലെത്തി പ്രാർഥന നടത്തുകയും കുടുംബാംഗങ്ങളെ ആശ്വാസമറിയിക്കുകയും ചെയ്തത്. വാക്കുകൾക്ക് അതീതമായ വലിയൊരു ദുഃഖഭാരമാണ് വെള്ളിലയിലെ ഈ വീടുകളിൽ ഇപ്പോഴുമുള്ളത്. സന്ദർശന സംഘത്തിലുണ്ടായിരുന്നവർ ദുരന്തമുഖത്തെ അനുഭവങ്ങൾ നമുക്കെന്നും വലിയൊരു പാഠമാണെന്ന് ഓർമ്മിപ്പിച്ചു. മരണപ്പെട്ട അസീസിന്റെ മകൻ സിയാദ് (18) എന്ന വിദ്യാർത്ഥിയുടെ വിയോഗം ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. രണ്ട് ആൺമക്കളിൽ ഒരാളായ സിയാദിനെക്കൂടി നഷ്ടപ്പെട്ടതോടെ ആ മാതാപിതാക്കൾ പൂർണ്ണമായും തളർന്നുപോയിട്ടുണ്ട്. ഇതിന് മുമ്പ് ഇവരുടെ മറ്റൊരു മകൻ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. ഒരേ കുടുംബത്തിൽ ആവർത്തിച്ചെത്തിയ ഈ വലിയ ദുരന്തം സഹിക്കാനാവാതെ സിയാദിന്റെ ഉമ്മയും ഉപ്പയും 90 പിന്നിട്ട വലിയുപ്പയും ഇന്നും ആഴമേറിയ വേദനയിലാണ്. സിയാദിൻ്റെ തൊട്ടടുത്ത അയൽവാസിയായ ബഹാസ് (18) എന്ന വിദ്യാർത്ഥിയും ഈ മിന്നൽ ദുരന്തത്തിലാണ് പൊലിഞ്ഞത്. കുറിമണ്ണിൽ സൈതലവിയുടെ മകനായ ബഹാസ്, നാല് പെൺമക്കൾക്ക് ശേഷമുള്ള ഏക ആൺതരിയായിരുന്നു. ബഹാസിന്റെ ഉമ്മ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ഇപ്പോൾ 90 കഴിഞ്ഞ വലിയുമ്മയും പിതാവും സഹോദരിമാരും ഈ തീരാവേദനയുടെ സാക്ഷികളായി കഴിയുകയാണ്. മരണത്തിന് പ്രായമോ സമയമോ ഇല്ലെന്ന വലിയൊരു യാഥാർത്ഥ്യം കൂടി ഈ ദുരന്തം ഓർമ്മിപ്പിക്കുന്നു. ഫൗണ്ടേഷൻ ഭാരവാഹികൾക്കൊപ്പം പ്രദേശത്തെ പ്രമുഖരും കുടുംബങ്ങളെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post