വിസ്ഡം ക്യാമ്പയിൻ പ്രചാരണ സംഗമം സംഘടിപ്പിച്ചു.
മാവൂർ: 'നിർഭയത്വം തൗഹീദിലൂടെ' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അഹ്‌ലുസ്സുന്ന ആദർശ പ്രയാണത്തിന്റെ ഭാഗമായി മെയ് 13ന് മാവൂരിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന്റെ മുന്നോടിയായി പ്രചാരണ സംഗമം സംഘടിപ്പിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രവർത്തകർ സമിതി അംഗം നജീബ് സലഫി പരിപാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹി മുനവ്വർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംഗമം വിലയിരുത്തി. ജീവിതവിജയത്തിന് നിദാനമായ തൗഹീദ് (ഏകദൈവ വിശ്വാസം) ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാൻ പണ്ഡിതന്മാർ മുൻകൈ എടുക്കണമെന്നും ജനങ്ങളെ വഴിതെറ്റിക്കുന്ന ചൂഷണങ്ങൾ തടയാൻ ശരിയായ ആദർശപഠനം സഹായിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിസ്ഡം കൊടിയത്തൂർ മണ്ഡലം ഭാരവാഹികളായ വി കെ കബീർ, അബ്ദുൽ കരീം, വിസ്ഡം യൂത്ത് ഭാരവാഹികളായ ഫത്തിൻ മുഹമ്മദ്, ഡോ. മുബീൻ എം, ഹബീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ആദർശപ്രയാണത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം ഗൃഹസന്ദർശനങ്ങൾ, സന്ദേശ പ്രചാരണം, സന്ദേശ രേഖ വിതരണം, എൽ.സി.ഡി പ്രദർശനങ്ങൾ, വനിതാ വിജ്ഞാനവേദികൾ, അയൽക്കൂട്ടങ്ങൾ, പൊതുസമ്മേളനങ്ങൾ, ഗൃഹസമ്പർക്ക പരിപാടികൾ, പൊതുപ്രഭാഷണങ്ങൾ, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കും. മെയ് 13ന് മാവൂരിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിസ്ഡം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് അത്തോളി ഉദ്ഘാടനം നിർവഹിക്കും. ശിഹാബ് എടക്കര, ഷമീൽ മഞ്ചേരി തുടങ്ങിയവർ സംസാരിക്കും.
Tags:
Mavoor News

