വിഷ്ണുപ്രിയ പൂഞ്ഞാറിന് ഗ്രാമശ്രീ സാഹിത്യ പുരസ്‌കാരം; സാഹിത്യ സംഗമം ശ്രദ്ധേയമായി
നാവായിക്കുളം: പ്രശസ്ത എഴുത്തുകാരിയും കവയത്രിയുമായ വിഷ്ണുപ്രിയ പൂഞ്ഞാറിന് ഈ വർഷത്തെ 'മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഗ്രാമശ്രീ പുരസ്‌കാരം' സമ്മാനിച്ചു.
അഖിലകേരള അടിസ്ഥാനത്തിൽ ഗ്രാമശ്രീ മാസിക സംഘടിപ്പിച്ച പുരസ്‌കാരസമർപ്പണവും സാഹിത്യ സംഗമവും നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്ര വടക്കേനടയിലെ എൻ.എസ്.എസ്. കരയോഗ മന്ദിര ഹാളിൽ വച്ചാണ് നടന്നത്.
വിഷ്ണുപ്രിയയുടെ 'ഒറ്റമണിചിലങ്ക' എന്ന പുസ്തകമാണ് അവാർഡിന് അർഹമായത്.
പ്രശസ്ത കവി കല്ലറ അജയൻ പുരസ്‌കാര സമർപ്പണം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. സുഷമ എസ്. ചിറക്കര അധ്യക്ഷത വഹിച്ചു. പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച് നടന്ന കവിസമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി രമാ സുരേഷ് നിർവ്വഹിച്ചു.
മലയാളവേദി ചെയർമാനും കവിയുമായ ഓരനെല്ലൂർ ബാബു കവിസമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കവി ഓരനെല്ലൂർ ബാബു രചിച്ച 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി കല്ലറ അജയൻ നിർവ്വഹിച്ചു.
ഗ്രാമശ്രീ മാസികയുടെ എഡിറ്ററും കവിയും എഴുത്തുകാരനുമായ പ്രശോഭൻ ചെറുന്നിയൂരിനെ ചടങ്ങിൽ മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.
കവിസമ്മേളനത്തിൽ സുഭാഷ് മണമ്പൂർ, ശ്രീകണ്ഠൻ കല്ലമ്പലം, ജയശ്രീ ആറ്റിങ്ങൽ, പ്രശോഭൻ ചെറുന്നിയൂർ, ശോഭ മധു, നീരജ വർമ്മ, സുജ ഹരീഷ്, ജ്യോതി ചെറുന്നിയൂർ തുടങ്ങി നിരവധി പ്രമുഖർ കവിതകൾ അവതരിപ്പിച്ചു.
Tags:
Kerala News






