Trending

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്നേഹസ്പർശവുമായി ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്; രാമനാട്ടുകര ന്യൂയോർക്ക് ഇവന്റ് സെന്ററിൽ ഒത്തുചേരൽ സംഘടിപ്പിച്ചു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്നേഹസ്പർശവുമായി ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്; രാമനാട്ടുകര ന്യൂയോർക്ക് ഇവന്റ് സെന്ററിൽ ഒത്തുചേരൽ സംഘടിപ്പിച്ചു


രാമനാട്ടുകര: ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകരയിൽ സവിശേഷമായ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു.


രാമനാട്ടുകര ന്യൂയോർക്ക് ഇവൻ്റ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും കുട്ടികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
​ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു ചടങ്ങിന് നേതൃത്വം നൽകി.


ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്നേഹത്തിലും ദുഃഖത്തിലും പങ്കുചേരുക, അവർക്കൊപ്പം അല്പസമയം ചിലവഴിക്കുക, അവരുടെ മാനസിക ഉല്ലാസത്തിന് വഴിതുറക്കുക എന്നിവയായിരുന്നു ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം. കുട്ടികളോട് കുശലാന്വേഷണം നടത്തിയും അവരുടെ വിശേഷങ്ങൾ പങ്കുവെച്ചും ഒത്തുചേരൽ ഏറെ ഹൃദ്യമായി. വേദിയെ ഉണർത്തി വിദ്യാർത്ഥികൾ പാടിയ പാട്ടുകൾക്ക് ഒപ്പം അമ്മമാരും മറ്റുള്ളവരും ആടിപ്പാടി സന്തോഷം പങ്കിട്ടത് പരിപാടിയുടെ മാറ്റ് കൂട്ടി.


​ചടങ്ങിൽ പ്രമുഖ സൈക്കോളജിക്കൽ കൗൺസിലറും ഫിസിയോതെറാപ്പിസ്റ്റും ആയ തൽഹത്ത് കുന്നമംഗലം, കലാ-കായിക-സാമൂഹിക-സാംസ്കാരിക-സന്നദ്ധ-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായ കരീം എളമരം, വാഴക്കാട് പ്രവർത്തിച്ചുപോരുന്ന ഗുഡ് ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സിറാജ് പന്തീരാങ്കാവ്, മനോജ് കുമാർ തൃശൂർ, തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. കുട്ടികൾക്ക് ഏറെ പ്രചോദനമേകുന്ന വാക്കുകളുമായി അവർ ഒത്തുചേരലിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post