കണ്ട്പിടുത്തങ്ങൾ ശ്രദ്ധേയമാകുന്നു : അഭിനവ് ബാവോസിന് യൂത്ത് കോൺഗ്രസ് ആദരവ്
കൂരാച്ചുണ്ട് : കാർഷിക മേഖലയ്ക്ക് ഗുണപരമായ കണ്ട്പിടുത്തങ്ങളുമായി ശ്രദ്ധേയനാകുന്ന കൂരാച്ചുണ്ട് സ്വദേശി അഭിനവ് ബാവോസിനെ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആദരിച്ചു. വ്യാപാരമേഖലയിൽ അധികം കണ്ടു പരിചയമില്ലാത്ത കാർഷിക ഉപകരണങ്ങളാണ് എഞ്ചിനിയറായ അഭിനവും സഹപ്രവർത്തകരും തങ്ങളുടെ പരീക്ഷണശാലയിൽ ഒരുക്കിയിരിക്കുന്നത്.
നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് അഭിനവ് ഉൾപ്പെട്ട അഗ്രോ ടീൻ ലാബ്‌സ് തയ്യാറാക്കിയിരിക്കുന്നതിൽ പ്രധാനപ്പെട്ടത്.. കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്രസെൻസ് എന്ന ഉപകരണം വഴി ലഭിക്കുന്ന വിവരങ്ങൾ അഗ്രട്രാക് എന്ന വെബ്ബിലൂടെ നിരീക്ഷിക്കാനും സാധിക്കും. 2022-ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കുരുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവിൻ്റെ ടീമിലുള്ളത്.
നെൽപ്പാടങ്ങളിലെയും മത്സ്യക്കുളങ്ങളിലെയും പമ്പിങ് ഓട്ടോമേഷനുള്ള സാങ്കേതികവിദ്യയും അഗ്രോടീൻ ടീം കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തുക ഈടാ ക്കി പമ്പിങ് സ്വയം നിയന്ത്രിത സംവിധാനത്തിലേക്കു കൊണ്ടു വരുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ്.എം.എൽ.എ അഭിനവിനെ ഷാൾ അണിയിച്ച് അനുമോദന പ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ബെസ്‌ലിൻ മഠത്തിനാൽ, കെ.എസ്.യു കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാരോൺ ചാലിക്കോട്ടയിൽ, ജാക്സ് കരിമ്പനക്കുഴി, രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

