Trending

ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം: ഡോ. ഹുസൈൻ മടവൂർ

ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം:
ഡോ. ഹുസൈൻ മടവൂർ


കോഴിക്കോട് :
ഭിന്നശേഷിക്കാർക്ക് സൗകര്യപൂർവ്വം ആരാധനകൾ നിർവ്വഹിക്കാൻ സാധിക്കുന്ന വിധം ആരാധനാലയങ്ങൾ സൗകര്യപ്പെടുത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ ( കെ എൻ എം ) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.


കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ ചേർന്ന കെ. എൻ. എം സംസ്ഥാന സമ്പൂർണ്ണ പ്രതിനിധി സമ്മേളനത്തിൽ മഹല്ലുകളുടെ ഭദ്രതയും നവീകരണവും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളികൾ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം സംവിധാനമാണ് മഹല്ലു ജമാഅത്തു കൾ. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരെ പ്രത്യേകം പരിഗണിക്കണം.
വീൽ ചെയറിൽ വരുന്നവർക്ക് പള്ളിയിൽ വന്ന് നമസ്കരിക്കാൻ സൗകര്യമൊരുക്കണം.


മഹല്ല് ഭാരവാഹികൾ കൃത്യമായി മതനിഷ്ഠ പാലിക്കണം . അവർ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കുകയും പൊതു മുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും വേണം. മതസൗഹാർദ്ദവും മാനവികതയും വളത്തിയെടുത്ത് നാട്ടിൽ ശാന്തിയും സമാധാനവും വളർത്താൻ പരിശ്രമിക്കണം. പള്ളികൾ നാട്ടുകാർക്ക് ആശ്വാസകേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്നും പ്രദേശവാസികൾക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കെ. എൻ. എം സംസ്ഥാന പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. വർഗ്ഗീയത പരത്തി രാജ്യത്തിൻ്റെ മതേതര പരിസരം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരിൽ മതേതര വിശ്വാസികൾ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടരി ഉണ്ണീൻ കുട്ടി മൗലവി ആദ്ധ്യക്ഷത വഹിച്ചു. ട്രഷറർ നൂർ മുഹമ്മദ് നൂർഷാ ആമുഖ ഭാഷണം നടത്തി. അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ രേഖ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ പണ്ഡിതന്മാർ സംസാരിച്ചു. വിവിധ ഘടകങ്ങളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. സംസ്ഥാനത്തിൻ്റെ എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടരി പാലത്ത് അബ്ദു റഹിമാൻ മദനി കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

Previous Post Next Post