Trending

​അരനൂറ്റാണ്ടിന്റെ സൗഹൃദം; ഡോ. ഖയ്യൂമിന് സഹപാഠികളുടെ ഹൃദ്യമായ യാത്രയയപ്പ്

​അരനൂറ്റാണ്ടിന്റെ സൗഹൃദം; ഡോ. ഖയ്യൂമിന് സഹപാഠികളുടെ ഹൃദ്യമായ യാത്രയയപ്പ്

വാഴക്കാട്: അഞ്ചുപതിറ്റാണ്ടിന്റെ പഴക്കമുള്ള സൗഹൃദം പുതുക്കി വാഴക്കാട് ഹൈസ്കൂളിലെ 1975 എസ്.എസ്.എൽ.സി ബാച്ച് (SWEETS) സഹപാഠികൾ. ഈ വർഷം ഹജ്ജ് കർമ്മത്തിന് തിരിക്കുന്ന സഹപാഠി ഡോ. ഖയ്യൂമിന് വേണ്ടി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം പഴയകാല ഓർമ്മകളുടെ വേദി കൂടിയായി മാറി.

വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ 'സ്വീറ്റ്സ്' കൂട്ടായ്മയിലെ നിരവധി പേർ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും സഹപാഠി ബന്ധം കാത്തുസൂക്ഷിക്കാനും ഏത് പ്രയാസഘട്ടത്തിലും കൂട്ടുകാർക്കൊപ്പം ഓടിയെത്താനുമുള്ള ഡോ. ഖയ്യൂമിന്റെ മനസ്സിനെ ചടങ്ങിൽ ആശംസകൾ നേർന്നവർ പ്രത്യേകം അനുസ്മരിച്ചു.
​മറുപടി പ്രസംഗത്തിൽ ഡോ. ഖയ്യൂം വികാരാധീനനായി. സർക്കാർ സർവീസിലിരിക്കെ ഔദ്യോഗികമായി പലതവണ ഹജ്ജിന് പോകാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും, പൂർണ്ണ ആത്മസംതൃപ്തിയോടെയുള്ള യാത്ര ഇതാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര കണ്ടാലും മതിവരാത്ത ആകർഷണ കേന്ദ്രമാണ് കഅബയെന്നും, തന്നെ സ്നേഹിക്കുന്ന സഹപാഠികൾക്കായി വിശുദ്ധ മണ്ണിൽ പ്രാർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ചടങ്ങിൽ ബീരാൻ ആക്കോട് അധ്യക്ഷത വഹിച്ചു. ഒ.കെ. ലത്തീഫ് സ്വാഗതവും കലാം വാഴക്കാട് നന്ദിയും രേഖപ്പെടുത്തി. സലാം എളമരം, കരീം എളമരം, പി.കെ. മുരളി, ആലി എടവണ്ണപ്പാറ, അബൂബക്കർ മാസ്റ്റർ, കാളൂർ രാധാകൃഷ്ണൻ, മജീദ് മപ്രം, അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post