വ്യാജവാർത്തകൾ ജനാധിപത്യത്തിന് ഭീഷണി: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം -ഐ.ആർ.എം.യു
കോഴിക്കോട്: വസ്തുതകൾ തമസ്കരിക്കപ്പെടുകയും വികാരങ്ങൾ വാർത്തകളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സത്യാനന്തര കാലഘട്ടത്തിൽ മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുകയാണെന്ന് ഐ ആർ എം യൂ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു . സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ വ്യാജവാർത്തകൾ കാട്ടുതീ പോലെ പടരുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.
ഡിജിറ്റൽ മാധ്യമ രംഗത്ത് 'ക്ലിക്ക് ബെയ്റ്റ്' സംസ്കാരം വർദ്ധിച്ചുവരുന്നത് വാർത്തകളുടെ വിശ്വാസ്യത തകർക്കുന്നു. കൃത്യമായ പരിശോധനകളില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് വ്യക്തിഹത്യയ്ക്കും സാമൂഹിക അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. വാർത്താ ഉറവിടങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി പത്ര ദൃശ്യ മാധ്യമ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തകരുടെ നിരവധിയായ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്നും സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളും ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ തികഞ്ഞ അവഗണനയാണ് നേരിടുന്നതെന്ന് യോഗം വിലയിരുത്തി.സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്ക് മാത്രമേ ലഭ്യമാവുന്നുള്ളു. പ്രാദേശിക തലം മുതൽ വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്ന 80%മാധ്യമ പ്രവർത്തകരും യാതൊരു വിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവർത്തകരുടെ നിരവധിയായിട്ടുള്ള ആവശ്യങ്ങൾക്ക് വേണ്ടി സർക്കാറിന് നൽകിയിട്ടുള്ള നിവേദനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കൊടുവള്ളി ധ്രുവദീപ്തിയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം സുനന്ദ ജി നായരുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അംഗങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ മുഴുവൻ പേരെയും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് സതീഷ് ഏ പി, ബഷീർ ആരാമ്പ്രം,സി കെ ബാലകൃഷ്ണൻ മാസ്റ്റർ,രവി എടത്തിൽ, കെ ടി കെ റഷീദ്, ധ്രുവൻ നായർ, കമലേഷ് കടലുണ്ടി, ജംഷിദ് മേലത്ത്, പ്രജീഷ് മണ്ണൂർ, ഉസ്മാൻ എരോത്ത്, മുനീർ പുതുക്കൂടി, മുഹമ്മദ് പൂളക്കാടി സംസാരിച്ചു. കൊടുവള്ളി മേഖലയിൽ യൂണിയൻ അംഗങ്ങൾക്ക് ഐ ഡി കാർഡ് വിതരണവും നടത്തി.
Tags:
Kozhikode News
