Trending

പുറമേരിയിൽ തോട് മലിനീകരണം രൂക്ഷം; തുരുത്തി പുഴ നാശത്തിലേക്ക്; അധികൃതർ മൗനത്തിൽ

പുറമേരിയിൽ തോട് മലിനീകരണം രൂക്ഷം; തുരുത്തി പുഴ നാശത്തിലേക്ക്; അധികൃതർ മൗനത്തിൽ


പുറമേരി: ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകൾ പ്ലാസ്റ്റിക് മാലിന്യത്താൽ ശ്വാസംമുട്ടുന്നു. ഒന്നാം വാർഡിലെ കുനിക്കയത്തിൽ രാമചന്ദ്രന്റെ വീടിന് പിൻവശത്തുകൂടി ഒഴുകുന്ന തോട് ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഒരിക്കൽ തെളിനീർ ഒഴുകിയിരുന്ന ഈ തോട് ഇപ്പോൾ പ്ലാസ്റ്റിക്കും മണ്ണും അടിഞ്ഞുകൂടി അറുപ്പുളവാക്കുന്ന വിധത്തിൽ മലിനമായിരിക്കുകയാണ്. ഈ തോട് ചെന്നുചേരുന്ന തുരുത്തി പുഴയുടെ നിലനിൽപ്പിനെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.


നാദാപുരം ആശുപത്രി പരിസരത്തുനിന്നും പുറമേരി ടൗണിൽ നിന്നുമുള്ള മാലിന്യങ്ങൾ ഈ തോട്ടിലൂടെയാണ് ഒഴുകിയെത്തുന്നത്. ഇത് സമീപത്തെ ജലനിധി കുടിവെള്ള പദ്ധതിയുടെ കിണറുകളിലെ ഉറവയെപ്പോലും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കനത്ത മഴയിൽ തോട് കരകവിഞ്ഞൊഴുകുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും സമീപത്തെ നെൽവയലുകളിലേക്ക് അടിഞ്ഞുകൂടുന്നത് കർഷകർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
​സമീപത്തെ കൊയമ്പറത്ത് എൽ.പി. സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കുട്ടികൾ നീന്തിക്കളിക്കാനും, നാട്ടുകാർ കുളിക്കാനും അലക്കാനും ആശ്രയിക്കുന്ന ഈ ജലസ്രോതസ്സ് മലിനമാകുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമാകില്ലേ എന്ന ചോദ്യമാണ് പ്രദേശവാസികൾ അധികാരികളോട് ചോദിക്കുന്നത്.
​മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്ന ഈ സാഹചര്യത്തിലെങ്കിലും, ഈ കുടിവെള്ള സ്രോതസ്സും തുരുത്തി പുഴയും ശുദ്ധീകരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


നടപടികൾ വൈകിയാൽ പ്രകൃതിദത്തമായ ഈ ജലസ്രോതസ്സുകൾ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം.

Post a Comment

Previous Post Next Post