ജീവിതം മുഴുവൻ കൈപിടിച്ചവർ മരണത്തിലും കൈവിടാതെ
വാൽപാറ: ജീവിതത്തിന്റെ പാതിവഴിയിൽ പരസ്പരം കൈകോർത്തവർ, മരണത്തിന്റെ തണുപ്പിലേക്കും ആ കൈകൾ വിടർത്താതെ നടന്നുനീങ്ങി. വാൽപാറയിലെ ആ ദുരന്തവാർത്തയിൽ കേരളം കേട്ട ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ് മജീദ് മാഷിന്റെയും ഭാര്യ റുഖിയയുടെയും വേർപാട്. രണ്ട് ശരീരങ്ങൾ, ഒറ്റ മനസ്സ് എന്ന നിലയിലായിരുന്നു ഇവരുടെ ജീവിതം.
രണ്ടുപേർക്കായി നാല് കണ്ണുകൾ വേണ്ടയിടത്ത്, വെറും രണ്ടു കണ്ണുകൾ കൊണ്ട് ലോകം കണ്ടവരായിരുന്നു ഇവർ. കാഴ്ച പരിമിതനായിരുന്ന മാഷിന് റുഖിയ കേവലം ഭാര്യയായിരുന്നില്ല; അദ്ദേഹത്തിന്റെ കണ്ണും കൽബുമായിരുന്നു. റുഖിയയില്ലാത്ത ഒരിടത്തും മാഷിന് സ്വസ്ഥതയുണ്ടായിരുന്നില്ല. അതുകൊണ്ടാവണം, സ്ത്രീകൾ മാത്രമുള്ള ആ യാത്രയിൽ തന്റെ പ്രിയതമയ്ക്ക് തണലായി മാഷും കൂടെച്ചേർന്നത്.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് വെറും രണ്ട് മാസമേ ആയിരുന്നുള്ളൂ. ആ പുതിയ വീട്ടിൽ സന്തോഷത്തോടെ ഇരിക്കേണ്ടവർ ഇന്ന് ആ വീടിനെ ശൂന്യമാക്കി മടങ്ങിയിരിക്കുന്നു. മക്കളില്ലാത്ത ആ ദമ്പതികൾക്ക് ആയിരക്കണക്കിന് ശിഷ്യന്മാരായിരുന്നു മക്കൾ. ഒരു പിതാവിനെയെന്ന പോലെ ആ ഗുരുനാഥനെ സ്നേഹിച്ചവർക്ക് ഈ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്.
"രണ്ട് കണ്ണ് നഷ്ടപ്പെട്ടവർ ക്ഷമയോടെ ജീവിച്ചാൽ പകരം സ്വർഗ്ഗം നൽകപ്പെടുമെന്ന" പ്രവാചക വചനവും, "ഭർത്താവിന്റെ പ്രീതിയിൽ മരിക്കുന്ന സ്ത്രീക്ക് സ്വർഗ്ഗമുണ്ടെന്ന" വിശ്വാസവും ഇവിടെ അന്വർത്ഥമാവുകയാണ്. ആ സ്വർഗ്ഗീയാരാമത്തിലേക്ക് ഇരുവരും ധൃതിപ്പെട്ട് യാത്രയായതുപോലെ... നഷ്ടപ്പെട്ടത് ഒരു മാതൃകാ ദമ്പതികളെയാണ്. നാട്ടുകാർക്കും ശിഷ്യർക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്ന ഇവർക്ക് സ്രഷ്ടാവ് ക്ഷമാലുക്കൾക്കുള്ള ഉന്നതമായ സ്വർഗ്ഗീയാരാമം നൽകി അനുഗ്രഹിക്കട്ടെ.
Tags:
Kerala News

