അധാർമികതകൾക്കെതിരെ സ്ത്രീ കൂട്ടായ്മകൾ അനിവാര്യം- എം.ജി.എം
കാരപ്പറമ്പ്: സമൂഹത്തിൽ ദിനംപ്രതി വർധിച്ചു വരുന്ന അധാർമിക പ്രവണതകൾക്കെതിരെ സ്ത്രീസമൂഹം ശക്തമായി അണിനിരക്കണമെന്നും, ഈ രംഗത്ത് സ്ത്രീകളുടെ കൂട്ടായ്മകളും സംഘടനാപരമായ ഇടപെടലുകളും ശക്തിപ്പെടുത്തണമെന്നും എം.ജി.എം കാരപ്പറമ്പ് ഏരിയ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കുടുംബത്തിലും സമൂഹത്തിലും മൂല്യാധിഷ്ഠിതമായ ജീവിതം പ്രചരിപ്പിക്കുന്നതിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കണമെന്നും സംഗമം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ വിദ്യാഭ്യാസ, സാമൂഹിക, നൈതിക ഉന്നതിയിലൂടെ മാത്രമേ സമൂഹത്തിന്റെ സമഗ്ര പുരോഗതി സാധ്യമാകൂവെന്നും, യുവതലമുറയെ അധാർമിക പ്രവണതകളിൽ നിന്ന് സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ ജാഗ്രതയും ഇടപെടലും അത്യന്താപേക്ഷിതമാണെന്നും സംഗമം വിലയിരുത്തി.
‘അധാർമികതക്കെതിരെ പെൺകരുത്ത്’ എന്ന പ്രമേയത്തിൽ എം.ജി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഏരിയ പ്രവർത്തക കൺവെൻഷൻ കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിയുകയും സമൂഹ നവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും വേണമെന്ന് അവർ അഭിപ്രായപ്പെട്ടു.
കെ.എൻ.എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, മുഹമ്മദ്, മുഹമ്മദ് കമാൽ, സുബൈർ മദനി, സെയ്തു മുഹമ്മദ് കുരുവട്ടൂർ, ആയിഷാബി നടുവട്ടം, സൗദ ഒളവണ്ണ, ജമീല സൈദുട്ടി, ഖദീജ കാരപ്പറമ്പ്, ഷാജിത കാരപ്പറമ്പ്, നജ എന്നിവർ സംസാരിച്ചു. പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
Tags:
Kozhikode News
