വീരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കോഴിക്കോട്: രണ്ടാം ഗെയിറ്റ് വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം വൈവിധ്യമാർന്ന ചടങ്ങുകളോടെയും കലാപരിപാടികളോടെയും ആഘോഷിച്ചു. മാർച്ച് 25-ന് രാവിലെ 8-നും 8.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ശ്രീപുരം പ്രജോഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്.
മാർച്ച് 29, 30 തീയതികളിൽ ഉഷപൂജ, മധ്യാഹ്നപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ സവിശേഷമായ ആചാരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. ഉത്സവത്തിന്റെ സമാപന ദിവസമായ മാർച്ച് 31-ന് രാവിലെ മിഠായ് തെരുവ് ദുർഗാക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ കലശം എഴുന്നള്ളത്ത് നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
രാത്രി നടന്ന താലപ്പൊലി എഴുന്നള്ളത്ത് ഉത്സവത്തിന് മാറ്റ് കൂട്ടി. തുടർന്ന് നടന്ന നാഗതിറ, അഗ്നിഭൈരവൻതിറ, ഗുളികൻ തിറ എന്നീ തെയ്യക്കോലങ്ങൾ ഭക്തർക്ക് ദർശനപുണ്യമായി.
ആഘോഷങ്ങളുടെ വിജയത്തിനായി ആർ. ജയന്ത് കുമാർ (ചെയർമാൻ), ഷാജി രാഘവ പണിക്കർ (ജനറൽ കൺവീനർ), മനേഷ് വി. (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഉത്സവ ആഘോഷക്കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Tags:
Kozhikode News
