Trending

നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനമാണ് കുന്ദമംഗലത്തിന്റെ 'മാസ്റ്റർ പ്ലാൻ': ശശി തരൂർ എംപി

നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനമാണ് കുന്ദമംഗലത്തിന്റെ 'മാസ്റ്റർ പ്ലാൻ': ശശി തരൂർ എംപി




പൂവാട്ടുപറമ്പ്: കുന്ദമംഗലം നിയോജകമണ്ഡലത്തിനായി റസാഖ് മാസ്റ്റർ മുന്നോട്ട് വെക്കുന്ന “കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ” മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് ശശി തരൂർ എംപി. യുഡിഎഫ് സ്ഥാനാർഥി എംഎ റസാഖ് മാസ്റ്ററുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ "കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ" പ്രകാശനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയോജകമണ്ഡലം യുഡിവൈഎഫ് പൂവാട്ടുപറമ്പിൽ വെച്ച് സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിൽ വെച്ചാണ്‌ വിശ്വപൗരൻ ശശി തരൂർ എംപി, എം കെ രാഘവൻ എംപിയുടെ സാന്നിദ്ധ്യത്തിൽ പ്രകടനപത്രിക പ്രകാശനം ചെയ്തത്.

തുടർന്ന് ഇരുവരും സ്ഥാനാർഥി എം.എ റസാഖ് മാസ്റ്റർക്കൊപ്പം ചേർന്ന് 'യുവത്വത്തിന്റെ വികസന സംവാദത്തിൽ' സംബന്ധിച്ചു.


ദേശീയ തലത്തിൽ ശ്രദ്ധ നേടിയ നേതാക്കളുടെ സാന്നിധ്യം മാനിഫെസ്റ്റോയ്ക്ക് കൂടുതൽ പ്രാധാന്യവും വിശ്വാസ്യതയും നൽകി.
യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ മാസ്റ്റർ പ്ലാൻ മണ്ഡലത്തിന്
ദിശ നിർണ്ണയിക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് രേഖയായി മാറിയെന്ന് എംകെ രാഘവൻ എംപി പറഞ്ഞു.

കുന്ദമംഗലത്തിന്റെ മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസം മുതൽ തൊഴിൽ വരെ, ക്ഷേമം മുതൽ പരിസ്ഥിതി സംരക്ഷണം വരെ വ്യാപിക്കുന്ന സമഗ്ര വികസനരേഖയായാണ് വിലയിരുത്തപ്പെടുന്നത്.

വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത്. “Knowledge Capital of India” എന്ന ആശയത്തിലൂടെ കുന്ദമംഗലത്തെ ഒരു ഗ്ലോബൽ നോളജ് ഡിസ്ട്രിക്ടാക്കി മാറ്റുകയാണ് ലക്ഷ്യം. NIT കാലിക്കറ്റ്, IIM കോഴിക്കോട്, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, CWRDM തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാധ്യതകൾ ഏകോപിപ്പിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഹബ് രൂപീകരിക്കാനാണ് പദ്ധതി. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന “Digital & Future Economy Zone” മറ്റൊരു പ്രധാന ഘടകമാണ്. സ്മാർട്ട് ഐ.ടി കോറിഡോറുകൾ, പ്ലഗ്-ആൻഡ്-പ്ലേ ഇൻഫ്രാസ്ട്രക്ചർ, സ്റ്റാർട്ടപ്പ് വില്ലേജുകൾ എന്നിവ വഴി യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. “Work from Kunnamangalam” എന്ന ആശയം ദേശീയ തലത്തിൽ ഒരു ട്രെൻഡായി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തൊഴിൽ സൃഷ്ടി ലക്ഷ്യമാക്കി “Employment & Skill Hub” വഴി ഓരോ വീട്ടിലും ഒരു ജോലി എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നു. സ്കിൽ ട്രെയിനിംഗ് സെന്ററുകൾ, തൊഴിൽ അഭിമുഖപരിശീലനങ്ങൾ എന്നിവയിലൂടെ യുവാക്കളെ തൊഴിൽയോഗ്യരാക്കും. ഇതിന് പിന്തുണയായി സ്റ്റാർട്ടപ്പ് & MSME സോണുകൾ രൂപീകരിച്ച് ചെറുകിട സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ ഇൻക്യുബേഷൻ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

സ്ത്രീ ശാക്തീകരണത്തിനായി “സക്ഷമ” (SAKSHAMA) പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി പ്രത്യേക വ്യവസായ യൂണിറ്റുകളും വീടിനോട് ചേർന്നുള്ള തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. “കഴിവിലൂടെ കരുത്ത്” എന്ന ആശയമാണ് ഇതിന്റെ ആധാരം.
സാമൂഹിക ക്ഷേമ രംഗത്ത് “ക്ഷേമഗ്രാമം” പദ്ധതി ശ്രദ്ധേയമാണ്. വീടില്ലാത്തവർക്കു വീട്, ഇൻഷുറൻസ് പരിരക്ഷ, സുരക്ഷിത ജീവിത സാഹചര്യം എന്നിവ ഉറപ്പാക്കുകയും ഭിന്നശേഷിക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും കൂടുതൽ പിന്തുണ നൽകുകയും ചെയ്യും. കൂടാതെ മുതിർന്ന പൗരന്മാർക്കായി “Senior Wellbeing Master Plan” പ്രകാരം ഓരോ പഞ്ചായത്തിലും വെൽനെസ് ക്ലബ്ബുകൾ, ആരോഗ്യ ക്യാമ്പുകൾ, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ ഒരുക്കും.

ആരോഗ്യരംഗത്ത് “Healthy Kunnamangalam” പദ്ധതിയിലൂടെ കാൻസർ ചികിത്സാ കേന്ദ്രം, ഡയാലിസിസ് യൂണിറ്റുകൾ, മെന്റൽ വെൽനെസ് സെന്ററുകൾ എന്നിവ സ്ഥാപിച്ച് ജനങ്ങൾക്ക് സമീപത്ത് തന്നെ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കും. അമ്മ-കുഞ്ഞ് ആരോഗ്യ പദ്ധതികൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നു.
ടൂറിസം മേഖലയിൽ “ചാലിയാർ ഇക്കോ ടൂറിസം മാസ്റ്റർ പ്ലാൻ” മുഖ്യ ആകർഷണമാണ്. ചാലിയാർ നദിയെ കേന്ദ്രീകരിച്ച് കായാക്കിംഗ്, ബോട്ടിംഗ്, ഹോംസ്റ്റേ, വാക്ക് വേകൾ, വ്യൂ പോയിന്റുകൾ, ഫുഡ്-കലാ കേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി പ്രകൃതി സംരക്ഷണത്തോടൊപ്പം തൊഴിൽ സൃഷ്ടിക്കും.

കാർഷിക മേഖലയിൽ “സമൃദ്ധി” പദ്ധതി ജലസേചനവും കുടിവെള്ള പദ്ധതികളും ശക്തിപ്പെടുത്തുകയും നൂതന കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉപയോഗശൂന്യമായ ഭൂമികളെ വീണ്ടും കൃഷിയിലേക്ക് കൊണ്ടുവരുന്നതും ലക്ഷ്യമാണ്.

കായിക-സാംസ്കാരിക രംഗത്ത് “യുവ” പദ്ധതി വഴി സ്പോർട്സ് അക്കാദമികളും സ്റ്റേഡിയങ്ങളും കലാ കേന്ദ്രങ്ങളും സ്ഥാപിച്ച് യുവാക്കൾക്കും കൗമാരക്കാർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്കായി “ആർദ്രം” പദ്ധതിയിലൂടെ തെറാപ്പി സെന്ററുകളും പഠന പിന്തുണയും ഉറപ്പാക്കും.

യുഡിവൈഎഫ് ചെയർമാൻ പിടി അസീസ്‌ അധ്യക്ഷത വഹിച്ചു. കൺവീനർ കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ
സി. പി ചെറിയ മുഹമ്മദ്, യു. സി രാമൻ,കെ.എ.കാദർ മാസ്റ്റർ,എം.ജയപ്രകാശ്,കെ.മൂസ മൗലവി, എൻ. പി ഹംസ മാസ്റ്റർ,എ.ടി ബഷീർ,ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, ഒ.ഉസ്സൈൻ,സി.വി സംജിത്ത്,അബ്ദുറഹ്മാൻ എടക്കുനി,വി പി മുഹമ്മദ്‌ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, കെ.എം.എ റഷീദ്, തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി അതുല്യ ജയാനന്ദ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post